എന്താണെങ്കിലും പറഞ്ഞോളൂ മോളേ,,,ഇവിടിപ്പോൾ മറ്റാരുമില്ലല്ലോ എന്താണെങ്കിലും നമുക്ക് പരിഹരിക്കാം

ചന – സജി തൈപ്പറമ്പ്

   

മോളെ ,തൊട്ടതിനും പിടിച്ചതിനുമൊക്കെ ശ്രീയോട് പിണങ്ങി, നീയിങ്ങനെ
സ്ഥിരമായിട്ട് വീട്ടിലേയ്ക്ക് വന്നാലെങ്ങനാ ?
ചാരൂ,, നിൻ്റെ കല്യാണത്തിന് ,സൊസൈറ്റീന്ന് ലോണെടുത്തതിൻ്റെയും,

ചിട്ടി പിടിച്ചതിൻെറയുമൊക്കെ കടം തീരണമെങ്കിൽ, ഇനിയും വർഷങ്ങൾ പിടിക്കുമെന്ന്, ഇന്നലെയും കൂടി നിൻ്റെ അച്ഛൻ പറഞ്ഞതേയുള്ളു,,
നിനക്കറിയാലോ?നീര് വച്ച കാലും വച്ച്, അങ്ങേര് ഇപ്പോഴും കഷ്ടപ്പെടാൻ പോകുന്നത്, ആ കടം വീട്ടാനാ ,അതെങ്കിലും നിനക്കോർത്തൂടെ മോളെ ,,,
നേരം പുലർന്നപ്പോൾ തന്നെ,

ബാഗും തൂക്കി, കരഞ്ഞ മുഖവുമായി വാതിൽപ്പടിയിൽ വന്ന് നില്ക്കുന്ന മകളോട് ആശങ്കയോടെയാണ് ശാരദ അത് ചോദിച്ചത്
അവള് വന്ന് കയറിയതല്ലേയുള്ള ശാരദേ ,, വിവരമെന്താന്ന് ചോദിക്കാതെ നീയിങ്ങനെ തോക്കിൽ കയറി വെടിവയ്ക്കാതെ
മോളെ നീയകത്ത് കയറിപ്പോയി ബാഗ് വച്ചിട്ട്, അച്ഛന് ഒരു ഗ്ളാസ്സ് ചായ എടുത്തിട്ട് വാ ,എന്നിട്ട് നമുക്ക് വിശേഷങ്ങൾ പറയാം

അച്ഛൻ്റെ സംയമനത്തോടെയുള്ള ആ സംഭാഷണം കേട്ടപ്പോൾ തന്നെ ചാരുലതയ്ക്ക് തെല്ലാശ്വാസമായി ,
നിങ്ങളാണവളെ വഷളാക്കുന്നത് അല്ലേലും പണ്ടേ അവൾക്ക് മൂക്കിൻ തുമ്പിലാണ് പിണക്കം ,ഇപ്പോൾ ഇങ്ങോട്ട് കെറുവിച്ച് വരേണ്ട
ഒരു കാര്യോമുണ്ടാവില്ല

അവൾ അകത്തേയ്ക്ക് പോയ സമയത്ത് ശാരദ ഭർത്താവിനെ കുറ്റപ്പെടുത്തി .
നീയൊടങ്ങ് ശാരദേ,,, എന്താ കാര്യമെന്ന് അവളൊന്ന് പറഞ്ഞോട്ടെ
അച്യുതൻ ഒച്ചവച്ചപ്പോൾ ശാരദ പിന്നെയൊന്നും മിണ്ടിയില്ല
ചായ എങ്ങനെയുണ്ട് അച്ഛാ,,,?

ഉം കൊള്ളാം മോളെ,, അതേ രുചി ,അതേ കടുപ്പം ,,നീയിപ്പോഴും അച്ഛൻ്റെ പാകമൊന്നും മറന്നിട്ടില്ലല്ലോ,,
ചൂട് ചായ ചുണ്ടോട് ചേർത്ത് ഒന്ന് സിപ് ചെയ്തിട്ട് അയാൾ മകളെ പ്രശംസിച്ചു.
ഇപ്പോഴത്തെ പ്രശ്നമെന്താ ചാരൂ,, നീയിത് വരെ ഒന്നും പറഞ്ഞില്ലല്ലോ?
ശാരദ അക്ഷമയോടെ ചോദിച്ചു

അത് പിന്നെ അമ്മേ,,,
അവൾക്കത് തുറന്ന് പറയാൻ മടി തോന്നി
എന്താണെങ്കിലും പറഞ്ഞോളൂ മോളേ,,,ഇവിടിപ്പോൾ മറ്റാരുമില്ലല്ലോ എന്താണെങ്കിലും നമുക്ക് പരിഹരിക്കാം ,,
അച്ഛൻ്റെ പ്രോത്സാഹനം അവളെ ഊർജ്ജസ്വലയാക്കി.

ഞാൻ പ്രെഗ്നൻ്റാവാത്തതാണച്ഛാ,, ഇപ്പോഴത്തെ വഴക്കിനുള്ള . പ്രധാന കാരണം, എനിക്കെന്ത് ചെയ്യാൻ പറ്റും? മൂന്നാല് വർഷമായി ചികിത്സിച്ച്, ഏട്ടൻ്റെ കാശ് കുറെ കളഞ്ഞ് മുടിച്ചെന്നും പറഞ്ഞ് ഇന്നലെയെന്നെ കുറെ പ്രാകി ,
രാത്രി മുഴുവൻ ഞാനുറങ്ങാതിരുന്ന് കരയുവായിരുന്നച്ഛാ,,
അവൾ വിതുമ്പലോടെ പറഞ്ഞു.

സാരമില്ല,, അതയാളുടെ വിഷമം കൊണ്ട് പറഞ്ഞതാവും ,ഒക്കെ ശരിയാവും ,പ്രതീക്ഷ കൈവിടേണ്ടെന്ന് ചികിത്സിച്ച ഡോക്ടേഴ്‌സൊക്കെ പറഞ്ഞതല്ലേ?
നമുക്ക് കാത്തിരിക്കാം മോളേ,,, നീയിനി അതുമോർത്തിരുന്ന് വെറുതെ വിഷമിച്ചിട്ടെന്താ കാര്യം?
രണ്ടീസം കഴിയുമ്പോൾ, പതിവ് പോലെ അയാള് വന്ന് നിന്നെ കൂട്ടിക്കൊണ്ട് പോകുമല്ലോ?അതാണച്ഛൻ്റെ ഏക ആശ്വാസം ,,,
അതും പറഞ്ഞ് ,അച്ചുതൻ ചാര്കസേരയിലേയ്ക്ക് മെല്ലെ അമർന്നിരുന്നു.
ദിവസം രണ്ട് കഴിഞ്ഞു

ചാരുലത ഇടയ്ക്കിടെ
ഫോണെടുത്ത് നോക്കി ,ഇല്ല ശ്രീയേട്ടൻ്റെ മിസ്ഡ് കോളൊന്നുമില്ല
സാധാരണ താൻ പിണങ്ങി വന്നാൽ രണ്ട് ദിവസം കഴിയുമ്പോൾ ശ്രീയേട്ടൻ ഒറ്റ ബെല്ലിൻ്റെ ഒരു മിസ്സ്ഡ് കോളിടും അത് കണ്ടിട്ട് താൻ തിരിച്ച് വിളിക്കണം അതിന് വേണ്ടിയുള്ള അടവാണത് ,കക്ഷിക്ക് സ്വയം പിണക്കം മാറി വരാനുള്ള ജാള്യതയുണ്ട്
ആ മിസ്സ്ഡ് കോള് കണ്ടാലുടനെ താൻ തിരിച്ച് വിളിക്കുമെന്ന് ശ്രീയേട്ടനറിയാം

തൻ്റെ വിളിചെല്ലുമ്പോൾ തന്നെ കക്ഷി ബൈക്കുമെടുത്തിങ്ങ് വരും
പിന്നെ ഒരു ദിവസം തൻ്റെ കൂടെ ഇവിടെ ചിലവഴിച്ചതിന് ശേഷം പിറ്റേന്ന് രാവിലെയേ തന്നെയും കൂട്ടി തിരിച്ച് പോകാറുള്ളു
രുചിയോടെ ,അമ്മയുടെ കൈ കൊണ്ട് വച്ച താറാവ് കറിയും

കപ്പ ഉടച്ചതുമൊക്കെ കഴിക്കാൻ വേണ്ടിയാണ് ഒരു ദിവസം തങ്ങുന്നതെന്നാണ് ശ്രീയേട്ടൻ പറയുന്നത്
അങ്ങനെ ശ്രീയേട്ടൻ്റെ വീട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മായിയമ്മയുടെ ഒരു ആക്കിയ ചിരി കാണേണ്ടി വരുന്നതാണ് ഏറ്റവും വലിയ ടാസ്ക്
പോയതിനെക്കാൾ സ്പീഡിലാണല്ലോ തിരിച്ച് വരവ്
അവിടെ തന്നെയങ്ങ് നിന്നാൽ പോരായിരുന്നോ?
എന്നാണ് അവരുടെ മനസ്സിൽ അപ്പോൾ പറയാതെ പറയുന്നതെന്ന് അവൾക്കറിയാമായിരുന്നു

കാരണം , അമ്മായിയമ്മയായിരുന്നു ചാരുലതയുടെ ആ വീട്ടിലെ ഏറ്റവും വലിയ ശത്രു ,,
അതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു
സത്യത്തിൽ ശ്രീകുമാറിൻ്റെ സ്വന്തം അമ്മ അല്ലായിരുന്നവർ
ശ്രീയ്ക്ക് പന്ത്രണ്ടും ,അയാളുടെ ജ്യേഷ്ടന് പതിനഞ്ചും വയസ്സുള്ളപ്പോഴാണ് ,ഭാര്യ മരിച്ച മൂന്നാം വർഷം ,ഗോവിന്ദൻ സുഭദ്രയെന്ന മുപ്പത്തിയഞ്ച്കാരിയെ
വിവാഹം കഴിച്ചോണ്ട് വരുന്നത്

ജ്യേഷ്ടൻ അനിൽ
കുമാറിനെക്കാൾ മിടുക്കനും സൽസ്വഭാവിയുമായിരുന്ന ശ്രീകുമാറിനെയായിരുന്നു സുഭദ്രയ്ക്ക് ഏറെ ഇഷ്ടം
അത് കൊണ്ട് തന്നെ തൻ്റെ അനുജത്തിയുടെ മകളായ ലക്ഷ്മിയെ, ശ്രീയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് അവർക്ക് വലിയ ആഗ്രഹമായിരുന്നു
പക്ഷേ ,പഴയ സുഹൃത്തുക്കളായ ശ്രീകുമാറിൻ്റെ അച്ഛൻ ഗോവിന്ദനും ചാരുലതയുടെ അച്ഛൻ അച്ചുതനും തമ്മിൽ നേരത്തെ തന്നെ ഒരു വാക്കുണ്ടായിരുന്നു,ചാരുലതയെ ശ്രീകുമാറിനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്

അങ്ങനെയാണ് ആ വിവാഹം നടന്നത്, അന്ന് മുതലേ സുഭദ്ര,ചാരുലതയ്ക്ക് എന്നുമൊരു ഭീഷണിയായിരുന്നു
ഇപ്പോഴത്തെ ഗർഭസംബന്ധമായ
പുതിയ പ്രശ്നത്തിൻ്റെ സൂത്രധാരി സുഭദ്രയാണോയെന്ന് ചാരുലതയ്ക്ക് സംശയമില്ലാതില്ല
ശ്രീകുമാറിത് വരെ വിളിച്ചില്ലേ മോളേ?
ശാരദ ജിജ്ഞാസയോടെ ചോദിച്ചു

ഇല്ലമ്മേ ഇന്ന് ചിലപ്പോൾ വിളിക്കുമായിരിക്കും
പ്രതീക്ഷയോടെ അവൾ പറഞ്ഞു
ദിവസം കഴിയുന്തോറും എനിക്ക് വേവലാതി കൂടുവാണ് ,നീയൊന്നങ്ങോട്ട് വിളിച്ച് നോക്ക്
ശാരദ ആധിയോടെ പറഞ്ഞു
താൻ വന്നിട്ട് ഇന്നത്തേയ്ക്ക് അഞ്ച് ദിവസമായി

ആദ്യമായിട്ടാണ് ഇത്രയും ദിവസം ശ്രീയേട്ടൻ വിളിക്കാതിരിക്കുന്നത്
ചിലപ്പോൾ താൻ വിളിക്കട്ടെ എന്ന് വാശി പിടിച്ചിരിക്കുവായിരിക്കും
ഇനിയും കാത്തിരിക്കാൻ
തനിക്കാവില്ല, എന്തായാലും നാണംകെട്ട് വിളിക്കാം

അവൾ രണ്ടും കല്പിച്ച് ശ്രീകുമാറിൻ്റെ ഫോണിലേയ്ക്ക് വിളിച്ചു
ബെല്ലടിക്കുന്നത് കേട്ട് ഹൃദയമിടിപ്പോടെ അവൾ നിന്നു
പക്ഷേ ,മൂന്ന് ബെല്ലടിച്ചു നാലാമത്തെ ബെല്ലിന് അപ്പുറത്ത് കട്ട് ചെയ്തു.

ഒരു ഞെട്ടലോടെ അവൾ വീണ്ടും ശ്രീയേട്ടൻ എന്ന പേരിൽ വിറയ്ക്കുന്ന ചൂണ്ട് വിരൽ കൊണ്ട് തൊട്ടു
പക്ഷേ അപ്പോഴേയ്ക്കും ശ്രീയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കഴിഞ്ഞിരുന്നു
ചാരുലത ,ഒരു തളർച്ചയോടെ വരാന്തയിലെ അരമതിലിലേയ്ക്ക് ചാരിയിരുന്നു.
തുടരും ,,,

Leave a Reply

Your email address will not be published. Required fields are marked *