തസ്‌നിയുടെ ശബ്ദമിടറി, കണ്ണുകൾ നിറഞ്ഞൊഴുകി… താനായിട്ട് നഷ്ടപ്പെടുത്തിയ ആ നല്ല ജീവിതമോർത്തവൾ പൊട്ടിക്കരഞ്ഞു…

രചന – നെസി…

   

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന സാഹിറ അല്പനേരം സ്തബ്ദയായി നിന്നു പോയി…
“ആരാ മോളെ വന്നത്….” ഉമ്മയുടെ അന്വേഷണത്തിന് വഴിമാറി നിന്നതല്ലാതെ അവൾ മറുപടി പറഞ്ഞില്ല…
“ഉമ്മുമ്മാ…” ഐഷു മോള് അകത്തേയ്ക്ക് കയറി, ഒപ്പം തസ്‌നിയും…
“ആഹാ ഉമ്മുമ്മാന്റെ ഐഷു വലിയ കുട്ടിയായല്ലോ…”

“അത് ഒരുപാട് നാളുകൾക്കു ശേഷം കാണുന്നത് കൊണ്ടു തോന്നുന്നതാണ് ” മറുപടി തസ്‌നിയുടെതായിരുന്നു….
“ആ… ആവും… വരണമെന്ന് ഓർക്കുന്നതല്ലാതെ നടക്കില്ല മോളെ…”സ്നേഹത്തോടെ സൈനബയുമ്മ മറുപടി പറഞ്ഞു തുടർന്നു….
“എന്തേ ഇപ്പോ വരാൻ തോന്നിയെ… പറഞ്ഞതുമില്ലല്ലോ വരുന്നുവെന്ന് കഴിഞ്ഞ ദിവസം വിളിച്ചിട്ടും…”
“വരാൻ തോന്നി പെട്ടന്ന്… പിന്നെ ഐഷുവിന് ഉപ്പാനെ കാണണമെന്നും പറഞ്ഞു… എങ്കിൽ വന്നിട്ട് പോവാലോന്ന് കരുതി…ഇവിടെയ്ക്ക് ഞങ്ങൾ പറഞ്ഞിട്ട് വേണോ ഉമ്മ വരാൻ…”

“അതെന്താ നീ അങ്ങനെ പറയുന്നേ… നിങ്ങൾ പിരിഞ്ഞാലും ഐഷു എന്റെ മോന്റെ ചോരയല്ലേ… ഇത് അവളുടെ വീടല്ലേ… അവൾക്ക് ഇവിടെ വരാൻ അനുവാദം വേണോ… ഞാൻ വെറുതെ പറഞ്ഞുവെന്ന് മാത്രം… എന്തായാലുമിരിക്ക്… ഞാൻ ചായ വയ്ക്കാം…”
അടുക്കളയിൽ വന്ന ഉമ്മയുടെ പിറകെ ഐഷുവും വന്നു… അപ്പോഴേക്കും സാഹിറ ചായ ഉണ്ടാക്കി വച്ചിരുന്നു. അവളത് ഉമ്മയുടെ കയ്യിൽ കൊടുത്തു… പെട്ടന്നായിരുന്നു ഐഷു മോളുടെ ചോദ്യം…
“ആരാ ഉമ്മുമ്മ ഇത്…”

അവളുടെ ചോദ്യത്തിന് മറുപടി പറയും മുൻപേ മുറ്റത്തു ബൈക്കിന്റെ ശബ്ദം കേട്ട് “ഉപ്പാ…” എന്ന് വിളിച്ചവളോടി…
ഞെട്ടലോടെയോ അത്ഭുതത്തോടെയോ അലി ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു… പിന്നീട് മകളെ നെഞ്ചോടു ചേർത്ത് പിടിച്ചു കവിളിൽ ഉമ്മവച്ചു… ഒരു വർഷത്തിന് മുകളിലായി അവർ പരസ്പരം കണ്ടിട്ട്… അവളെയും കൂട്ടി അകത്തു വന്ന് തസ്നിയോട് അയാൾ ചോദിച്ചു…
“എപ്പോ വന്നു നിങ്ങൾ… എന്തേ ഇപ്പോൾ വരാൻ തോന്നാൻ… ഉമ്മ വിളിച്ചിട്ടും വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ…”

“ഉമ്മ കഴിഞ്ഞ ദിവസം വിളിച്ചു വച്ചതിനു ശേഷം മോള് ആകെ വിഷമത്തിലായിരുന്നു…മോൾക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു കരഞ്ഞു… അപ്പൊ പിന്നെ പോരാമെന്നു കരുതി…എനിക്കും നിങ്ങളോട് അല്പം സംസാരിക്കണമായിരുന്നു”
“ഉം…” മറുപടി ഒരു മൂളലിൽ ഒതുക്കി അലി അവിടെയിരുന്നു… ഉമ്മ അവർക്ക് ചായ നൽകി…
“മോളു… ഉപ്പ ഡ്രസ്സ്‌ മാറി വരാ… ചായ കുടിക്കുട്ടോ…”

അയാൾ റൂമിലേയ്ക്ക് നടന്നു…. അലിയുടെ കണ്ണുകൾ തേടിയത് സാഹിറയെയായിരുന്നു… റൂമിൽ കാണാതിരുന്നപ്പോൾ അടുക്കളയിൽ വന്നു നോക്കി, പക്ഷെ അവിടെയും അവളുണ്ടായിരുന്നില്ല… ഉറക്കെ വിളിക്കാൻ തുടങ്ങുമ്പോൾ പിറകിൽ ഉമ്മവന്നു ചോദിച്ചു
“ചായ തരട്ടെ നിനക്കും…”
“വേണ്ട… ഉമ്മ അവൾ…” ചോദിച്ചു തീരും മുന്നേ ഐഷു അവിടെയ്‌ക്ക് വന്ന് ഉപ്പാന്റെ കയ്യിൽ മുറുകെ പിടിച്ചിട്ട് പറഞ്ഞു…

“ഉപ്പാ…. മോൾക്ക് ഒരു കൂട്ടം കാണിക്കാനുണ്ട്, ഉമ്മീടെ ഫോണിലാ ഉള്ളത്… ഡ്രസ്സ്‌ മാറ്റി വരാമെന്ന് പറഞ്ഞിട്ട്…”
“ആ വരാ മോളു… പെട്ടന്ന് വരാട്ടോ… ഉമ്മാ മോൾക്ക് എന്തെങ്കിലും കൊടുക്ക്,വിശക്കുന്നുണ്ടാവും… എന്റെ മോള് കഴിക്കു… ഉപ്പ ഇപ്പൊ വരാ…”
“പോ… മോളു മിണ്ടില്ല… ഉപ്പാക്ക് മോളോട് ഒട്ടും സ്നേഹമില്ല…”
“ഉപ്പാന്റെ ചക്കര മോള് പിണങ്ങല്ലേ… എങ്കിൽ പറയ്… എന്താ വിശേഷം…”

“വേണ്ട… ഞാൻ മിണ്ടൂല…”
“എന്താ ഐഷു… ഉപ്പ വന്നതല്ലേയുള്ളു…ഉപ്പയൊന്നു ഫ്രഷ് ആവട്ടെ…”തസ്‌നി അല്പം ഗൗരവത്തോടെ പറഞ്ഞു.
“സാരമില്ല…എന്റെ മോള് പറയു.”അലി അവളെ ചേർത്തു പിടിച്ചു പറഞ്ഞു
“ഉപ്പാ…മോൾക്ക് ഗിഫ്റ്റൊക്കെ കിട്ടി സ്കൂളിൽ നിന്ന്…”
“ആഹാ എന്തിനാ അത്…”
“പാട്ട് പാടിയതിന്, പിന്നെ ഒപ്പനയ്ക്ക്, കവിത രചനയ്ക്കും കഥാ രചനയ്ക്കും എല്ലാത്തിനും മോൾക്ക് എ ഗ്രേഡ് ആണ്…”
“ഉമ്മുമ്മാന്റെ മോള് അല്ലെങ്കിലും മിടുക്കിയല്ലേ…”
സൈനബയുമ്മയുടെ കമന്റിനു മറുപടിയെന്നോണം തസ്‌നി അലിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു…

“ഈ ഉപ്പാന്റെയല്ലേ മോള്…മോശം വരില്ലല്ലോ…”
അയാൾ അത്‌ ശ്രദ്ധിച്ചതേയില്ല, കാരണം സാഹിറയെ കാണാത്ത ടെൻഷനായിരുന്നു അയാൾക്ക്… പിന്നീട് മോള് പറഞ്ഞതൊന്നും അയാൾ ശ്രദ്ധിച്ചില്ല, വെറുതെ കേട്ടിരുന്നത് മാത്രം… തസ്‌നിയുടെ ഫോണിലുണ്ടായിരുന്ന ഒരുപാട് ഫോട്ടോ കാണിച്ചു കൊടുത്തു ഐഷു…അപ്പോഴും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…
“ഐഷു… മതി, ഉപ്പ ഡ്രസ്സ്‌ മാറി എന്തെങ്കിലും കഴിക്കട്ടെ…”തസ്‌നി പറഞ്ഞു.
“ഉപ്പ ഇപ്പോ വരാ മോളേ….”
“ഉപ്പാ…”
“എന്താ….”
“ഞങ്ങൾ വന്നപ്പോ ഒരു ഇത്താനേ കണ്ടല്ലോ ഇവിടെ, അവർ ആരാ… ഇവിടെ ഉമ്മുമ്മാനെ സഹായിക്കാൻ ജോലിക്ക് വരണത…”
മറുപടി പറയാതെ അലി തസ്‌നിയെ നോക്കി ഒപ്പം ഉമ്മയെയും… എന്നിട്ട് റൂമിലേയ്ക്ക് നടന്നു… റൂമിലെത്തിയ അയാൾ കട്ടിലിൽ കരഞ്ഞു കലങ്ങിയ

കണ്ണുകളോടെയിരിക്കുന്ന സാഹിറയെ കണ്ടു…
“സാഹി…. നീ എന്തിന കരയുന്നത്, ഇത്രനേരം എവിടെയായിരുന്നു നീ…”
മറുപടിയൊന്നും പറയാതെ അവൾ അയാളെ മുറുകെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു… ആ കണ്ണുനീരിന്റെയർത്ഥം അയാൾക്ക് നന്നായറിയാമായിരുന്നു. അവൾ എപ്പോഴൊക്കെയോ ഇതുപോലെ ഒരു ദിവസം സംഭവിക്കുമെന്ന് കരുതിയിരുന്നത് പോലെ…
“നീ ഇങ്ങനെ കരയല്ലേ… അവർ നാളെതന്നെ പോവും… മോൾക്ക് കാണണമെന്ന് തോന്നിയത് കൊണ്ടു വന്നതാ അവർ, അല്ലാതെ ഇവിടെ സ്ഥിര താമസത്തിനു വന്നതല്ല…”

അപ്പോഴും കരയുവാനല്ലാതെ അവൾക്ക് മറ്റൊന്നിനും കഴിഞ്ഞില്ല… അലി തുടർന്നു….
“ഇനിയെന്റെ ജീവിതത്തിൽ നീ മാത്രമുള്ളു… ഇതുപോലെ ഒരു സാഹചര്യം ഉണ്ടായതെന്റെ തെറ്റ്… തസ്‌നിയുമായി ഡിവോഴ്സ് വാങ്ങിയതിന് ശേഷം വല്ലപ്പോഴുമെങ്കിലും മോളെ പോയി കാണേണ്ടത് എന്റെ കടമയായിരുന്നു, അതിന് സാഹചര്യങ്ങൾ അനുവദിച്ചില്ല…നിനക്ക് അറിയാമല്ലോ എല്ലാം…ഇനിയിങ്ങനെ ഉണ്ടാവില്ല, ഉറപ്പ്.” അയാൾ അവളുടെ കണ്ണുനീർ തുടച്ചു മുഖത്തേയ്ക്ക് നോക്കി പറഞ്ഞു…
“നിന്നെ കൈവിട്ടു കളയാനല്ല കൂടെ കൂട്ടിയത്, ഇനി ആരൊക്കെ തിരിച്ചു വന്നാലും നീ അല്ലാതെ മറ്റാരെയും സ്നേഹിക്കാനോ കൂടെ നിർത്താനോ എനിക്കാവില്ല, ഞാൻ ഐഷുവിനെ സ്നേഹിക്കും പോലെ തന്നെ നിന്നെയും സ്നേഹിക്കുന്നുണ്ട്…. അല്ലെങ്കിൽ അതിനേക്കാളേറെ, അത്‌ നിനക്കിതുവരെ മനസ്സിലായിട്ടില്ലേ…”
ഒന്നും സംസാരിക്കാനാവാതെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു സാഹിറ, അലിയുടെ വാക്കുകൾക്ക് കാതോർത്തു…

“നമ്മുടെ നിക്കാഹ് കഴിഞ്ഞത് പറയാൻ കഴിഞ്ഞില്ല, എല്ലാം പെട്ടന്നായിരുന്നല്ലോ. അത് അറിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ അവർ വരികയും ഇല്ലായിരുന്നു. സാരമില്ല ഞാൻ പറയാം അവരോട് എല്ലാം…”
“ഉപ്പ… ഉപ്പാ…” ഐഷു വാതിലിൽ തട്ടി വിളിച്ചു…
അലി സാഹിറയെ ചേർത്ത് പിടിച്ചുകൊണ്ടു തന്നെ കതകു തുറന്നു… എന്തോ പറയാൻ തുടങ്ങിയ ഐഷു പെട്ടന്ന് നിർത്തി, പതിനാലു വയസുള്ള അവൾക്ക് പറയാതെ തന്നെ മനസ്സിലായി അവർ തമ്മിലുള്ള ബന്ധം.
“ഞങ്ങൾ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നല്ലെ ഉപ്പ…”
അടുത്ത് നിന്നിരുന്ന തസ്‌നിയെ നോക്കി അവൾ തുടർന്നു…

“ഉപ്പാനെ വിളിച്ചിരുന്നുവെങ്കിൽ ഉപ്പ അവിടേയ്ക്ക് വരില്ലായിരുന്നോ ഉമ്മി…”
“ഉപ്പ രണ്ടാമത് നിക്കാഹ് കഴിച്ചത് ഉമ്മിയറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലുമിങ്ങോട്ട് വരുമായിരുന്നില്ല മോളെ…”
തസ്‌നിയുടെ ശബ്ദമിടറി, കണ്ണുകൾ നിറഞ്ഞൊഴുകി… താനായിട്ട് നഷ്ടപ്പെടുത്തിയ ആ നല്ല ജീവിതമോർത്തവൾ പൊട്ടിക്കരഞ്ഞു…
“നിങ്ങൾക്ക് ഒന്ന് പറയാമായിരുന്നു പുതിയ ജീവിതം തുടങ്ങിയപ്പോഴെങ്കിലും… ഉമ്മാ… ഉമ്മയ്ക്ക് എങ്കിലും… വിളിച്ചപ്പോൾ…”
വാക്കുകൾ പൂർത്തിയാക്കും മുൻപ് അലി പറഞ്ഞു…
“എന്താ പറയേണ്ടത്, എന്തിനാ പറയേണ്ടത്… എന്നെ ഒന്നിനും കൊള്ളില്ലയെന്നു പറഞ്ഞു പോയത് നീ തന്നെയാണ്, നമ്മുടെ മോളെ പോലും നീയോർത്തില്ല, നിന്റെ കാലു പിടിച്ചു പറഞ്ഞതല്ലേ ഞാൻ… എന്നെവിട്ട് പോവരുതേയെന്ന്… അന്ന് ഞാൻ ഒന്നിനും കൊള്ളാത്തവനായിരുന്നില്ലേ… നമ്മൾ പിരിയണമെന്ന് നിനക്കായിരുന്നു നിർബന്ധം ”

“ശരിയാണ്… പക്ഷെ…”
“എന്ത് പക്ഷെ… ഒരു പക്ഷെയുമില്ല, നമ്മൾ പിരിഞ്ഞിട്ടു വർഷം നാലായി. അപ്പോഴല്ലേ ഞാൻ ഒരു പെണ്ണിനെ നിക്കാഹ് കഴിച്ചു കൊണ്ടു വന്നത്, എന്നിട്ട് ഇപ്പോൾ നിന്നോട് പറയാത്തത് തെറ്റ്… അല്ലെ…”
“നമുക്ക് പോവാം ഉമ്മി… ഇനി ഇവിടെ നിൽക്കണ്ട…”
ഐഷുവിന് സഹിക്കുവാൻ കഴിഞ്ഞില്ല.
“മോളെ, ഉപ്പ മറ്റൊരു നിക്കാഹ് കഴിച്ചുവെന്ന് കരുതി നിന്നോടുള്ള സ്നേഹം കുറയില്ല.നിന്റെ ഉമ്മിയ്ക്ക് നീയെങ്കിലും കൂടെയുണ്ട്… ഉപ്പാക്ക് ആരാ മോളെയുള്ളത്… ഇവൾക്ക് ആരുമില്ല, ഉപ്പ മാത്രമേയുള്ളു… ഇനി എന്റെ പൊന്നുമോളെ കാണാൻ ഉപ്പ അങ്ങോട്ട് വന്നോളാം… എന്തായാലും വന്നതല്ലേ,നാളെ രാവിലെ ഉപ്പ നിങ്ങളെ കൊണ്ടാക്കാം… മോള് എന്തെങ്കിലും കഴിച്ചിട്ട് പോയികിടന്ന് ഉറങ്ങ്,ചെല്ല്…”
“ഉപ്പ..”

“എന്താടാ…”
“എനിക്ക് ഉപ്പാന്റെ കൂടെ കിടക്കാൻ തോന്നുന്നു… കുറച്ചു നേരം ഞാൻ ഉപ്പാന്റെ കൂടെ കിടന്നോട്ടെ ആന്റി…”
സാഹിറയോടായി അവൾ ചോദിച്ചു.
ഐഷുവിന്റെ ചോദ്യം കേട്ട് അലി അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മവച്ചു… തസ്‌നിയോട് പറഞ്ഞു…
“പിടിവാശി പിടിച്ചു ഡിവോഴ്സ് വാങ്ങി പോവുമ്പോൾ നീ ഈ കുഞ്ഞിന്റെ മനസ്സോർത്തില്ല, അന്ന് നിനക്ക് എന്നേക്കാൾ വലുത് പണമായിരുന്നു… അത്‌ ഇല്ലാത്ത ഞാൻ ഒരുപാട് മോശപ്പെട്ടവനും ഉത്തരവാദിത്തം ഇല്ലാത്തവനും… നമ്മുടെ മോൾക്ക് വേണ്ടിയെങ്കിലും എനിക്കൊരവസരം തരാമായിരുന്നു…പക്ഷെ കറിവേപ്പില പോലെ നീയെന്നെ വലിച്ചെറിഞ്ഞു…”

എല്ലാം കേട്ടുനിന്ന സാഹിറ മുറിയിലേയ്ക്ക് പോയി… ഇതൊന്നും കേൾക്കാനും കാണാനും കഴിയാതെ സൈനബയുമ്മയും… തിരിഞ്ഞു നടന്നു ഹാളിലെ കസേരയിലിരുന്ന് തസ്‌നി പൊട്ടിക്കരഞ്ഞു, എല്ലാം തന്റെ പിടിവാശികാരണമാണല്ലോയെന്നോർത്തു… തിരിച്ചു കിട്ടില്ലന്ന ബോധ്യത്തോടെ…
ഉമ്മയുടെ മുറിയിലെ കട്ടിലിൽ ഐഷുവിനെ ചേർത്തു പിടിച്ചു അവളുടെ ശിരസ്സു തഴുകി അവളെകിടത്തിയുറക്കി എന്തു വന്നാലും തന്നെ വിശ്വസിച്ചു സ്നേഹിക്കുന്ന സാഹിറയെ ഒരിക്കലും കൈവിട്ടു കളയില്ലന്ന തീരുമാനത്തോടെ… ഒരു മരണവീടു പോലെ ആ രാത്രി ശോകമൂകമായി…
പിറ്റേന്ന് നേരം പുലരുമ്പോൾ തന്നെ തിരികെ പോവാൻ തയ്യാറായി തസ്‌നിയും ഐഷുവും… ഉമ്മുമ്മയെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുമ്പോൾ അവർ പറഞ്ഞു…
“ഉപ്പയും ഉമ്മുമ്മയും കൂടി ഇടയ്ക്ക് വരാട്ടോ, ഐഷുട്ടി നന്നായി പഠിച്ചു മിടുക്കി കുട്ടിയാവണം ”
“ശെരി ഉമ്മുമ്മ… ഉപ്പാ…വരാൻ മറക്കല്ലേ…”

ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു… തിരികെ ബസിൽ കയറുമ്പോൾ തസ്‌നിയോടായി അലി പറഞ്ഞു…
“ഇനിയിങ്ങനെയുണ്ടാവരുത്, ആരോരുമില്ലാത്ത സാഹിറയ്ക്ക് ഞാൻ മാത്രമേയുള്ളു, എനിക്ക് അവളെ വിഷമിപ്പിക്കാൻ കഴിയില്ല… നഷ്ടങ്ങൾ ഒരിക്കലും തിരിച്ചു വരില്ല, അത് നഷ്ടപ്പെട്ടതു തന്നെയാണ്… നിനക്ക് എന്നോട് സംസാരിക്കാനുള്ളത് എന്തായിരുന്നുവെന്നെനിക്കറിയാം, ഒന്ന് മാത്രം പറയുന്നു, നീ എന്നെ മനസ്സിലാക്കാൻ ഒരുപാട് വൈകി പോയി… പിരിഞ്ഞതിനു ശേഷവും നിങ്ങൾ മടങ്ങി വന്നിരുന്നുവെങ്കിലെന്ന് കാത്തിരുന്നത് നാലു വർഷങ്ങളാണ്… പക്ഷെ…”
വാക്കുകൾ മുറിഞ്ഞു. തസ്‌നി കരഞ്ഞു കൊണ്ടുതന്നെ ബസിൽ കയറി.അലി തുടർന്നു…

“ഇടയ്ക്ക് ഞാൻ വരാം, മോൾക്ക് കാണണം എന്ന് പറയുമ്പോൾ വിളിച്ചാൽ മതി…”
മറുപടിയൊന്നും പറയാതെ അവൾ സീറ്റിലിരുന്നു. അവർ കണ്ണിൽ നിന്നും മറയും വരെ അലിയവിടെ തന്നെ നിന്നു, അകന്നു പോവുമ്പോൾ അയാളറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞിരുന്നു, നിസ്സഹായത നിറഞ്ഞ ജീവിതത്തിൽ കഴിഞ്ഞു പോയ ജീവിതം തിരിച്ചു വരില്ലല്ലോ എന്ന യഥാർത്യത്തെ ഉൾക്കൊണ്ടുതന്നെ കണ്ണുകൾ തുടച്ചു…!

Leave a Reply

Your email address will not be published. Required fields are marked *