രചന :- Saji Thaiparambu
ഫിദാ ഭാഗം-3
ഷാനുവിന് ഫിസിക്കലി എന്തേലും പ്രോബ്ളമുണ്ടാവുമോ ?
പിന്നെ എൻ്റെ സംശയം ആ വഴിക്ക് തിരിഞ്ഞു
അല്ലാതെ എന്നോടുള്ള ഇഷ്ട കുറവ് കൊണ്ടാണെന്ന് എനിയ്ക്ക് തോന്നുന്നില്ല, കാരണം എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ സംസാരിച്ചതൊക്കെ വളരെ താല്പര്യത്തോടെ തന്നെ ആയിരുന്നു.
അന്നത്തെ എന്നോടുള്ള പെരുമാറ്റത്തിൽ പോലും ഒട്ടും അനിഷ്ടം തോന്നിയിരുന്നില്ല
പക്ഷേ, കല്യാണം കഴിഞ്ഞ രണ്ടാം ദിവസം മുഖത്ത് നോക്കി എങ്ങനെയത് ചോദിയ്ക്കും?
ഞാനാകെ ധർമ്മസങ്കടത്തിലായി,
നീയെന്താ മോളേ ആലോചിയ്ക്കുന്നത്?
പുട്ട്കുറ്റിയിൽ മാവ് നിറയ്ക്കാതെ ആലോചനാമഗ്നയായി നില്ക്കുന്ന എന്നെ കണ്ട് ഉമ്മ ജിജ്ഞാസയോടെ ചോദിച്ചു
ഒന്നൂല്ല ഉമ്മാ ,, വീട്ടിലെ കാര്യം ഓരോന്ന് ഓർത്ത് പോയതാ.
ങ്ഹാ അത് കുറച്ച് ദിവസത്തേയ്ക്കുണ്ടാവും പിന്നെ പിന്നെ ,മോള് ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട് കഴിയുമ്പോൾ, അതെല്ലാം താനെ മാറിക്കൊള്ളും,,
ഉമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു
ഞാൻ ഉറക്കമെഴുന്നേറ്റ് വരുന്നത് വരെ ഷാനു ഉണർന്നിട്ടില്ലായിരുന്നു
എന്തായാലും ചായയുമായി അവിടെ വരെയൊന്ന് പോയി നോക്കാം ,ഷാനുവിനോട് ഒന്ന് മിണ്ടാഞ്ഞിട്ട് വല്ലാത്തൊരു വെമ്പല്
ഉമ്മാ.,, ഇക്ക ഉണർന്ന് കാണും ഞാനീ ചായകൊടുത്തിട്ട് വരാം
ശരി മോളേ,,,
ഞാൻ ചായയുമായി ചെല്ലുമ്പോൾ ഷാനു കണ്ണ് തുറന്ന് ഫാനിൽ നോക്കി കിടക്കുകയായിരുന്നു
ദാ ഷാനു ചായ കുടിയ്ക്ക്,,
എൻ്റെ കയ്യിൽ നിന്ന് ചായ വാങ്ങി മേശപ്പുറത്ത് വച്ചിട്ട് ഷാനു ബാത്റൂമിലേയ്ക്ക് പോയി
വായും മുഖവും കഴുകി തിരിച്ച് വന്ന ഷാനു ചായ എടുത്ത് ചുണ്ടോട് ചേർത്തു
അല്ല ഷാനു, ഷാനുവിനിതെന്ത് പറ്റി ?കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാൻ ശ്രദ്ധിയ്ക്കുവാണ് ഒന്നിലും ഒരു താല്പര്യമില്ല ,ആകെ ഡൗണായിരിയ്ക്കുന്നു ,
എന്തേലും പ്രോബ്ളമുണ്ടോ?
ഒടുവിൽ ഞാൻ തുറന്ന് ചോദിച്ചു.
ഹേയ്, അങ്ങനൊന്നുമില്ല ഫിദാ, ആദ്യത്തെ ദിവസം എനിയ്ക്ക് ഫുഡിൻ്റെ ഒരു പ്രോബ്ളമുണ്ടായിരുന്നത് നിനക്കറിയാവുന്നതല്ലേ ?
അത് ഓകെ,,
പക്ഷേ ഇന്നലെ ഷാനു എന്താ കാണിച്ചത് ? ഞാനൊരാളിവിടെ കാത്തിരിക്കുന്നുണ്ടെന്ന ചിന്ത പോലുമില്ലാതെ വന്ന് കിടന്ന് ഉറങ്ങിക്കളഞ്ഞില്ലേ?അപ്പോൾ എന്നോട് ഷാനുവിന് എന്തോ ഇഷ്ടക്കേടുണ്ടെന്നല്ലേ ഞാൻ മനസ്സിലാക്കേണ്ടത്?
ഒരിക്കലുമല്ല ഫിദാ ,എനിയ്ക്കിന്നലെ നിന്നെ ഫെയ്സ് ചെയ്യാൻ നേരിയ കുറ്റബോധമുണ്ടായിരുന്നു,,
അത് കേട്ട് ഞാൻ ചെറുതായൊന്ന് ഞെട്ടി ,
ഷാനു എന്ത് തെറ്റാണ് എന്നോട് ചെയ്തത് ?
ആകാംക്ഷ അടക്കാനാവാതെ ഞാൻ ചോദിച്ചു.
ഇന്നലെ ഞാൻ കൂട്ടുകാരനൊപ്പം പോയത് വേറൊരു കൂട്ടുകാരൻ്റെ വീട്ടിലായിരുന്നു ,അവിടെ ചെന്നപ്പോൾ അവൻ ഞങ്ങൾക്ക് കുടിയ്ക്കാൻ വൈൻ തന്നു, ആൾക്കഹോൾ ഇല്ലാത്തതല്ലേ കുഴപ്പമില്ലെന്ന് കരുതി ഞാനത് വാങ്ങി കുടിച്ചു ,കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ തല പെരുക്കാൻ തുടങ്ങി ,എൻ്റെ വെപ്രാളം കണ്ട് കൂട്ടുകാര് പരസ്പരം നോക്കി ചിരിച്ച് കൊണ്ട് എന്നോട് പറയുവാ അതിൽ മദ്യം ചേർത്തിട്ടുണ്ടെന്ന്, അത് കേട്ട് ഞാനാകെ തകർന്ന് പോയി ഫിദാ,,
തിരിച്ച് വരുന്ന എന്നെ കാത്തിരിക്കുന്ന നീ ഫെയ്സ് ചെയ്യുന്നത് മദ്യപിച്ചെത്തിയ ഭർത്താവിനെ ആണെന്നറിയുമ്പോൾ തകർന്ന് പോകുമെന്ന് ഞാൻ ഭയന്നു ,മാത്രമല്ല ഉമ്മയോ ബാപ്പയോ അറിയുമ്പോഴുള്ള പുകില് വേറെ, അങ്ങനെ ധർമ്മസങ്കടത്തിലാണ് ഞാനിന്നലെ രാത്രി ഇവിടെ വന്ന് കയറുന്നത് ഭാഗ്യത്തിന് ആ സമയത്ത് നിങ്ങളെല്ലാവരും ഡൈനിങ്ങ് ഹാളിൽ നിന്നത് കൊണ്ട് എനിയ്ക്ക് നിങ്ങളാരെയും ഒന്നുമറിയിക്കാതെ അകത്ത് കയറാനുള്ള ഗ്യാപ്പ് കിട്ടി ,മുറിയിൽ നീ വരുമ്പോൾ നിന്നോടെല്ലാം പറയാമെന്ന് കരുതിയാണ് ഞാൻ കട്ടിലിൽ വന്ന് കിടന്നത് പക്ഷേ കഴിച്ച മദ്യത്തിൻ്റെ എഫക്ട് കൊണ്ടാവാം ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി ,അതാണ് ശരിക്കുമിന്നലെ സംഭവിച്ചത് നീയെന്നോട് ക്ഷമിക്ക് ഫിദാ,,, ഇനിയിതാവർത്തിക്കില്ല
ഹോ! എനിക്കപ്പോൾ കിട്ടിയ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു
സാരമില്ല ഷാനു, ഒരബദ്ധമൊക്കെ ആർക്കും സംഭവിക്കാം ,ഷാനു എഴുന്നേറ്റ് പോയി കുളിച്ചിട്ട് വാ,, എല്ലാവരോടുമൊപ്പമിരുന്ന് നമുക്കിന്ന് നാസ്ത കഴിക്കാം,ഹസീനാത്തയുടെ മച്ച ,രാവിലെ തന്നെ
പോകണമെന്ന് പറഞ്ഞ് ധൃതി പിടിക്കുന്നുണ്ട് ,ഇനിയെപ്പോഴാണ് അവർക്കൊപ്പമിരുന്ന് കഴിക്കാൻ പറ്റുന്നത്?
ആര്? സലീമളിയനോ? നിനക്കറിയാൻ
വയ്യാഞ്ഞിട്ടാണ് ,ഭക്ഷണം കഴിച്ച് കഴിയുമ്പോൾ അളിയൻ്റെ പ്ളാൻ മാറും, പിന്നെ പറയും, യാത്ര വൈകുന്നേരമാക്കാന്ന് ,
അങ്ങനങ്ങനെ പുള്ളിക്കാരൻ ഒരാഴ്ച കഴിഞ്ഞിട്ടേ ഇവിടുന്നിറങ്ങു ,നീ നോക്കിക്കോ
ഷാനു ,അത് കളിയായി പറത്തതാണെന്നാ എനിയ്ക്ക് തോന്നിയത് ,പക്ഷേ അത് അക്ഷരംപ്രതി ശരിയായിരുന്നു, നാസ്ത കഴിഞ്ഞ് വിശ്രമിക്കാൻ ചാരുകസേരയിൽ കിടന്ന മച്ച ,പിന്നെ അവിടുന്നെഴുന്നേറ്റത് ,ഉച്ചയൂണിൻ്റെ സമയത്തായിരുന്നു വൈകുന്നേരമായപ്പോൾ മഴക്കാറുണ്ടെന്ന് പറഞ്ഞ് യാത്ര പിറ്റേന്നത്തേയ്ക്ക് മാറ്റുകയും ചെയ്തു
ഉച്ചകഴിഞ്ഞപ്പോൾ എൻ്റെ വീട്ടിൽ നിന്ന് എന്തൊക്കെയോ മധുര പലഹാരങ്ങളുമായി ,ഉമ്മയും ബാപ്പയും കൂടി കയറിവന്നു
ങ്ഹാ മോളേ ,, നാളെയാണ് മൂത്താപ്പാടെ വീട്ടിൽ വിരുന്ന് വിളിച്ചിരിയ്ക്കുന്നത് നിങ്ങള് നാളെ രാവിലെ തന്നെ ചെല്ലണമെന്ന് പറയാൻ മൂത്തുമ്മ പ്രത്യേകം പറഞ്ഞു
ഇറങ്ങാൻ നേരം ഉമ്മ എന്നെ ഓർമ്മിപ്പിച്ചു
അയ്യോ ഉമ്മാ,, രാവിലെ ഞങ്ങള് അവിടെ ചെന്നിട്ട് എന്തെടുക്കാനാണ്
അവിടെയാണെങ്കിൽ മൂത്താപ്പയും മൂത്തുമ്മയും മാത്രമേയുള്ളു ,ഫാരിസാത്ത കുട്ടികളുമായി ദുബായിക്ക് പോയില്ലേ?ഞങ്ങളവിടിരുന്ന് ബോറടിച്ച് ചാകും, അത് കൊണ്ട് ഉച്ചയൂണിൻ്റെ സമയമാകുമ്പോൾ പോകാം
ഉം എന്നാൽ നിൻ്റെ ഇഷ്ടം പോലെ ചെയ്യ് ,ഞങ്ങളിറങ്ങട്ടെ ,,
മുറ്റത്ത് സലീം മച്ചാടെ ഉൾപ്പെടെ മൂന്നാല് കാറുകൾ ഉണ്ടായിരുന്നത് കൊണ്ട് ബാപ്പ വന്ന കാറ് ഗേറ്റിനരികിലായിരുന്നു പാർക്ക് ചെയ്തിരുന്നത് ,അത് കൊണ്ട് ഉമ്മയോടൊപ്പം ഞാൻ ഗേറ്റ് വരെ നടന്ന് ചെന്നു
മോളേ നിനക്ക് സുഖമല്ലേ വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ ?
ഉമ്മ മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു
ഒരു കുഴപ്പവുമില്ലുമ്മാ ,
എന്നെയിവിടെ എല്ലാവർക്കും നല്ല കാര്യമാണ്, ഉമ്മ സമാധാനത്തോടെ പൊയ്ക്കോ ,ഞാൻ ഹാപ്പിയാണ്
അവരെ യാത്രയാക്കി ഞാൻ അകത്തേയ്ക്ക് കയറി
പെട്ടെന്നാണ് ഇരുണ്ട് നിന്ന ആകാശത്ത് കൊള്ളിയാൻ മിന്നിയതും മഴ തകർത്ത് പെയ്ത് തുടങ്ങിയതും
ഫിദാ ഇത് നിങ്ങൾക്കുള്ള മഴയാണ് ഇവിടെ നിന്ന് കറങ്ങാതെ മുറിയിൽ ചെന്ന് ഷാനുവുമായിട്ട് മഴ ആസ്വദിക്കാൻ നോക്ക്,,
ടേബിളിലെ പാത്രങ്ങൾ പെറുക്കി വൃത്തിയാക്കാൻ നോക്കുമ്പോഴാണ് ഹസീനാത്ത എൻ്റെ ചെവിയിൽ വന്ന് അങ്ങനെ പറഞ്ഞത്
ഷാനു മുറിയിലുണ്ട് ,പക്ഷേ സന്ധ്യ സമയത്ത് മുറിയിൽ കയറിയിരുന്നാൽ ഇവിടുള്ളോർക്ക് എന്ത് തോന്നുമെന്ന് കരുതിയാണ് ഞാനങ്ങോട്ട് പോകാതിരുന്നത്
ഇനിയിപ്പോൾ ധൈര്യമായിട്ട് പോകാം
തുള്ളിച്ചാടുന്ന മനസ്സുമായി ഞാൻ ഷാനുവിൻ്റെ അരികിലേയ്ക്ക് ചെന്നു എന്നെ കാത്തിരുന്നത് പോലെ ഷാനു ആവേശത്തോടെ വാരിപ്പുണർന്നു ,എൻ്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത് കരുത്തനായ ഒരു പുരുഷൻ്റെ ബലിഷ്ഠ കരങ്ങൾക്കുളളിൽ ഞെരിഞ്ഞമരുമ്പോഴുള്ള സുഖം അനിർവചനീയമായിരുന്നു ,
ഷാനുവിൻ്റെ ചൂട് ശ്വാസം, എൻ്റെ കഴുത്തിലും കപോലങ്ങളാലും കർണ്ണങ്ങളിലും വികാരത്തിൻ്റെ തന്ത്രികൾ മീട്ടി തുടങ്ങി ,എൻ്റെ ശരീരത്തിൻ്റെ ഭാരം കുറയുകയും കാല്പാദങ്ങൾ നിലത്ത് ഉറയ്ക്കാതെയുമായി ,ഭൂമിയിൽ നിന്നും ,ഷാനു, എന്നെയും കൊണ്ട് സ്വർഗ്ഗത്തിലേയ്ക്കാണ് പോകുന്നതെന്ന് തോന്നി.
എൻ്റെ ശീൽക്കാരങ്ങൾക്ക് ശബ്ദം കൂടിയപ്പോൾ ഷാനു എൻ്റെ വായ പൊത്തിപ്പിടിച്ചു
ചെട്ടെന്നാണ് കതകിലാരോ മുട്ടുന്നത് കേട്ട് ,ഞാൻ ഷാനുവിൽ നിന്ന് അടർന്ന് മാറിയത്
മുഖം തുടച്ച് ,മുടി നേരെയാക്കി ഞാൻ ഷാള് കൊണ്ട് തല മറച്ച് വേഗം കതക് തുറന്നു.
ഹസീനാത്തയായിരുന്നു അത്.
ഷാനു,,വാപ്പു [ബാപ്പയുടെ ഉമ്മ] മരിച്ചു ,,, നിങ്ങള് വേഗം റെഡിയാവ്, നമുക്കങ്ങോട്ട് പോകാം ബാപ്പ, സലീമിക്കയുമായി പോയിട്ടുണ്ട്,,
അത് കേട്ടപ്പോൾ ഉയർന്ന താപനിലയൊക്കെ പെട്ടെന്ന് ഡൗണായി പോയി.
ഷാനുവിൻ്റെ ബാപ്പയുടെ ഉമ്മ സുഖമില്ലാതെ കിടപ്പായിരുന്നു ,ഇവിടെ കല്യാണത്തിൻ്റെ തിരക്കായത് കൊണ്ടാണ് തത്ക്കാലത്തേയ്ക്ക് ,ബാപ്പയുടെ പെങ്ങളുടെ വീട്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്തത്,
അങ്ങനെ മൂന്നാം ദിവസവും ഞങ്ങളുടെ ശാന്തി മുഹൂർത്തം മുടങ്ങി .
തുടരും ,,,