രചന – ദിവ്യ കശ്യപ്
ലേഡി കണ്ടക്ടർ @ നെല്ലിയാമ്പതി ഓർഡിനറി 71
################################
“ഇചായാന്ന് വിളിക്കില്ലെ നീ…..”?
ആ നോട്ടത്തിന്റെ തീക്ഷണതയും ശബ്ദത്തിലെ ആർദ്രതയും താങ്ങാനാവാതെ തരുണി തൻറെ കണ്ണുകൾ അടച്ചു…
അവൻ തന്നോട് ഒന്നുകൂടി ചേരുന്നതും കഴുത്തിടുക്കിൽ ആ ചുണ്ടുകളുടെ ചൂട് പടരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു…
അടർത്തി മാറ്റാൻ ശ്രമിക്കുന്തോറും തന്നിലേക്ക് ഒന്നുകൂടി ആഴ്ന്നു വരുന്നവനെ ദുർബലമായ കൈകളോടെ തരുണീയും ചേർത്തുപിടിച്ചു…
“വിളിക്കുവോ…??”വീണ്ടും ആർദ്രമായ ആ ശബ്ദം തൻറെ ചെവികളിൽ ഒരു മന്ത്രണം പോലെ അവള് കേട്ടു….
വരണ്ട് തുടങ്ങിയ ചുണ്ടുകൾ നാവ് കൊണ്ട് ഒന്ന് തൊട്ട് നനച്ചുകൊണ്ട് തൊണ്ട കുഴിയിലേക്ക് ഒരുപിടി ഉമിനീർ ഇറക്കി തരുണി…
അവന്റെ മുഖവും ചുണ്ടുകളും പൂഴ്ത്തി വെച്ചിരുന്ന തന്റെ കഴുത്തിടുക്കിൽ നനവ് പടരുന്നത് അവളറിഞ്ഞു…. ഒട്ടോരു വെമ്പലോടെ ബലമായി തന്നെ ആ മുഖം പിടിച്ചു ഉയർത്തി അവള്…
ആ മുഖം കൈക്കുമ്പിളിൽ എടുത്ത് ആ കണ്ണുകളിലേക്ക് ഉറ്റ് നോക്കുമ്പോൾ അവൾക്ക് പിടികൊടുക്കാതെ ആ മിഴികൾ താഴ്ത്തിയിരുന്നു അവൻ…. പക്ഷേ അവൻ്റെ ഇരു കവിളുകളിലും കൂടെ ഒരു കണ്ണീർ ചാല് രൂപപ്പെട്ട് താഴേക്ക് ഒഴുകുന്നത് അവള് കണ്ടു…
“എന്താ എന്താ ഇങ്ങനെ…”ആന്തലോട് കൂടി അവള് അവൻറെ കണ്ണുകളിലേക്ക് നോക്കി…
“ഒന്നുമില്ല…പെട്ടെന്നെന്തോ… എന്തോ ഒരു ഇമോഷണൽ ടച്ച്… എന്തൊക്കെയോ ഫീലിംഗ്.. നീ എൻറെ ജീവനാണ് പെണ്ണേ…”അവൻറെ ശബ്ദം ഇടറി…
” എന്തിനാടി എന്നെ ഇത്രയും ഇഷ്ടപ്പെടുത്താനായി എൻറെ ജീവിതത്തിലേക്ക് ഇങ്ങനെ വന്നത്… ഇങ്ങനെയുള്ള ഫീലിംഗ് ഒക്കെ തന്നത്….. സ്നേഹിക്കാൻ ഒരു ഹൃദയമൊക്കെ എനിക്ക് ഉണ്ടെന്ന് എന്നെ മനസ്സിലാക്കിച്ച് തന്നത്….”??
തരുണിയുടെ കണ്ണുകൾ നിറഞ്ഞു… അവന്റെയുള്ളിൽ തന്നോട് എത്രത്തോളം അഗാധമായ ഒരു ഇഷ്ടമാണ് ഉള്ളതെന്ന് അവൾ ഒരിക്കൽ കൂടി മനസ്സിലാക്കുകയായിരുന്നു…
എന്തൊക്കെയോ ഓർത്തുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് ഇടതു കയ്യാൽ അവളുടെ മുടികൾക്കിടയിലൂടെ വിരൽ കോർത്ത് പോളച്ചൻ ഇരിക്കുകയായിരുന്നു…
“ഏയ്…”തരുണി അവൻ്റെ കണ്ണുകളിലേക്ക് തിളങ്ങുന്ന കണ്ണുകളോടെ നോക്കി…
അവളുടെ ചെവികളിൽ തങ്ങി നിന്നിരുന്ന തൻറെ നോട്ടം മാറ്റി പോളച്ചൻ ഇപ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കി…
തിളങ്ങുന്ന ആ കണ്ണുകളിൽ സ്നേഹം നിറയുന്നത് അവൻ കണ്ടു…അവൻ്റെ കണ്ണുകളും പ്രണയസാഗരമായി… അവളുടെ മുഖത്ത് ആകമാനം ആ കണ്ണുകൾ പരതി നടന്നു…
“വിളിക്കുവോ…”?? വീണ്ടും അവളിലേക്ക് അടുത്തുകൊണ്ട് അവൻ ചോദിച്ചു…
ആ മുഖവും മുഖത്തെ ഭാവവും കണ്ണുകളിലെ പ്രണയവും കണ്ട് തരുണിയുടെ മുഖം തുടുത്തൂ.. അവനെ നേരിടാൻ ആവാതെ അവന്റെ ഷർട്ടിന്റെ കോളറിൽ ബലമായി പിടിച്ചു വലിച്ച് കൊണ്ട് അവൾ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…
ഇരു കൈകൾ കൊണ്ടും അവളെ കെട്ടിപ്പിടിച്ച് അവളുടെ തലയിലേക്ക് തൻറെ താടി ചേർത്തു വച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ അവൻ വീണ്ടും ചോദിച്ചു…
“വിളിക്കുവോടി…”??
“മ്മ്….”വളരെ പതിഞ്ഞ ശബ്ദത്തിൽ ഒരു മൂളൽ അവൻ കേട്ടു… അത് കേട്ടതിന്റെ ഒരു സന്തോഷത്തിൽ ആ കണ്ണുകൾ തിളങ്ങുകയും ചൊടിയിൽ ഒരു പുഞ്ചിരി വിടരുകയും ചെയ്തു…
“എന്നാ…കേൾക്കട്ടെ…”അവളുടെ ചെവിയോരം ചെന്ന് അവൻ പറഞ്ഞു…
കൃത്യം ആ സമയത്ത് തന്നെയാണ് പോളച്ചന്റെ ഫോൺ റിങ്ങ് ചെയ്തത്…
“ഹോ നശിപ്പിച്ചു… ഏതവനാണോ ഈ സമയത്ത്…”അവളിൽ നിന്ന് വിട്ടു മാറി അവൻ ഫോൺ എടുത്തു..
നോക്കിയപ്പോൾ ആന്റപ്പൻ…
“എന്താടാ കോന്താ… നീ എന്നെങ്കിലും എനിക്ക് ഇത്തിരി മനസ്സമാധാനം തന്നിട്ടുണ്ടോടാ ശവമെ… എന്നെ കൊലയ്ക്ക് കൊടുക്കാൻ ആയിട്ട് വിളിക്കുന്ന തെണ്ടി..”പോളച്ചൻ അവനോട് ആകപ്പാടെ കലിപ്പിച്ചു…
“ഓ..പിന്നെ… നിന്നെ കൊന്നിട്ട് വേണ്ടെ എനിക്ക് നിന്റെ അപ്പന്റെ സ്വത്ത് കിട്ടാൻ…ഒന്ന് പോടാ…എടാ പോളച്ച… ആ കോൺട്രാക്ടർ അവിടെ വന്ന് നിൽക്കുന്നു.. വീടിൻറെ കാര്യം പറയാൻ..
നീ വരുമോ.. ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ അയാളെ ഇപ്പോഴെങ്ങും നോക്കണ്ട… ഒന്നു മുങ്ങിയാൽ പിന്നെ പൊങ്ങാൻ പാടുള്ള ജാതിയാ… കൈയ്യോടെ വന്ന് കണ്ടാൽ നീ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കും… അല്ലെങ്കിൽ കാര്യങ്ങളൊക്കെ സെറ്റ് ആയാലും വീട് അങ്ങനെ തന്നെ കിടക്കും… പറഞ്ഞില്ലെന്ന് വേണ്ട…”
“അയ്യോ എടാ അയാളെ പിടിച്ച് നിർത്തിയേക്കണേ.. പറഞ്ഞു വിടല്ലേ.. ഞാൻ ദേ എത്തി…. കഴിഞ്ഞമാസം മുങ്ങിയതാണ് അയാൾ.. എന്നിട്ട് ഇപ്പോഴാണ് പൊങ്ങുന്നത്……”പോളച്ചൻ ഫോണിൽ കൂടി പറഞ്ഞു കൊണ്ട് പെട്ടെന്ന് തരുണീയെ നോക്കി..
“ഞാൻ തിരിച്ചുകൊണ്ട് ആക്കട്ടെ…എനിക്ക് എത്രയും പെട്ടെന്ന് നെല്ലിയാമ്പതിയിൽ ഒരു കോൺട്രാക്ടറെ കാണാൻ പോകണം.. നീയുമായി പോയാൽ തിരിച്ചുവരുമ്പോൾ ഒരുപാട് രാത്രിയാകും.. അത് ശരിയാവില്ല.. അതുകൊണ്ട് ഞാൻ തനിയെ പോകാം.. നിന്നെ വീട്ടിൽ കൊണ്ടാക്കിയേക്കാം.. ഓക്കേ..”അനുവാദം എന്ന പോലെ തരുണി തലയാട്ടി…
പോളച്ചൻ കാറ് ജോസഫിൻറെ വീട്ടിലേക്ക് പറപ്പിച്ചു വിട്ടു… അവളെക്കൊണ്ട് അവിടെ ഇറക്കി അവൾ കയറി പോകുന്നത് കണ്ടതും അവൻ തിരിച്ച് നെല്ലിയാമ്പതിക്ക് വിട്ടു…
നെല്ലിയാമ്പതിയിൽ തരുണിയുടെ വീടിന് മുന്നിലൂടെയുള്ള ഇടവഴി വന്നു കയറുന്ന റോഡിൻറെ അറ്റത്ത് ആന്റപ്പൻ കോൺട്രാക്ടറുമായി കാത്തുനിൽപ്പുണ്ടായിരുന്നു…
അവിടെ കാറിട്ടിട്ട് മൂന്നുപേരും കൂടി ചെറിയ കയറ്റം കയറി തരുണിയുടെ വീടിൻറെ മുന്നിൽ ചെന്നു…
തരുണിയും ചെന്താമരയുമൊന്നും അറിയാതെ തരുണീടെ വീടൊന്ന് പുതുക്കി പണിയാനുള്ള പ്ലാനിൽ ആയിരുന്നു പോളച്ചൻ… ഒരുപാട് ആഡംബരത്തിൽ ഒന്നുമല്ലെങ്കിലും നാലഞ്ച് മുറികളോടുകൂടിയ ഒരൊറ്റ നില വീടായിരുന്നു അവൻറെ മനസ്സിൽ… എന്നിട്ട് അത് ചെന്താമരയേയും കുടുംബത്തെയും ഏൽപ്പിക്കണം എന്നാണ് അവൻ മനസ്സിൽ കണ്ടിരിക്കുന്നത്…. തരുണിയെ താൻ കല്യാണം കഴിച്ചു തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു കഴിയുമ്പോൾ ഒരിക്കലും ചെന്താമര വഴിയാധാരമാകരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു… ഇപ്പോൾ താമസിക്കുന്ന ഒലിപ്പാറ.. അതൊരു ഒറ്റപ്പെട്ട സ്ഥലമാണ്… സമീപത്ത് വീടുകൾ ഒന്നുമില്ല… അല്ലെങ്കിൽ തന്നെ ചെന്താമര ജനിച് വളർന്ന ചെന്താമരയുടെ സ്ഥലം നെല്ലിയാമ്പതിയാണ് മരണം വരെ അയാൾക്ക് അവിടെ കഴിയാനാവും ഇഷ്ടം.. അതുകൊണ്ട് വീടൊക്കെ ഒന്ന് പുതുക്കിപ്പണിത് പാലുകാച്ചിന്റെ സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കാം എന്നാണ് പോളച്ചന്റെ മനസ്സിൽ…
അവൻ സ്ഥലവും വീടും ഒക്കെ കോൺട്രാക്ടറെ കൊണ്ട് നടന്ന് കാണിച്ചു… അതിൻറെ താക്കോൽ ഇടയ്ക്കൊരിക്കൽ അവൻ പൂട്ടി ആന്റപ്പനെ ഏൽപ്പിച്ചിരുന്നു.. ആന്റപ്പൻ അത് തുറന്നു വീടിനകവും കോൺട്രാക്ടറെ കാണിക്കുകയുണ്ടായി…
അധികം താമസിയാതെ തന്നെ പണി തുടങ്ങാം എന്ന് പറഞ്ഞുകൊണ്ട് കോൺട്രാക്ടർ പോളച്ചന്റെ കയ്യിൽ നിന്ന് അഡ്വാൻസും വാങ്ങി തിരിച്ചു പോയി..
“എടാ ഇത് ആരുടെ പേരിലാണ് ഈ വീട് എന്നറിയാമോ…”പോളച്ചൻ ആലോചനയൊടെ ആന്റപ്പനോട് തിരക്കി…
“നീ കെട്ടാൻ പോകുന്ന പെണ്ണിൻറെ വീട് ആരുടെ പേരിലാണെന്ന് ഞാൻ എങ്ങനെ അറിയാനാ.. അത് അവളുടെയോ അല്ലെങ്കിൽ അവളുടെ വല്യച്ഛന്റെയോ പേരിലായിരിക്കും… എനിക്ക് കെട്ടാനൊരു പെണ്ണുമില്ല ആ പെണ്ണിനൊരു വീടുമില്ല…”ആന്റപ്പൻ നിരാശയോടെ പറഞ്ഞു..
“നന്നായി.. അല്ലെങ്കിൽ തന്നെ നിനക്ക് ആര് പെണ്ണ് തരാനാണ്…”?? പോളച്ചൻ അവനെ നോക്കി കോലം കുത്തി കാണിച്ചു…
“വാ പോകാം രാത്രിയായാൽ പിന്നെ ഇവിടെ സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല… കുറ്റാക്കൂരിരുട്ടാണ്..”ആന്റപ്പൻ പറഞ്ഞുകൊണ്ട് കയ്യിലെ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു മുന്നേ നടന്നു…
ചെറിയ വഴിയിൽനിന്ന് റോഡിൽ ചെന്ന് കയറി ഇരുവരും കൂടി കാറിലേക്ക് കയറി…
നെല്ലിയാമ്പതിയിലുള്ള പോളച്ചന്റെ ഒക്കെ ഗസ്റ്റ് ഹൗസിൽ ഇറങ്ങാനിരുന്ന ആന്റപ്പൻ പെട്ടെന്ന് പോളച്ചനോട് താൻ നെന്മാറ വരെ ഉണ്ടെന്ന് പറഞ്ഞു…
കാറിൽ പാട്ടൊക്കെ ഇട്ട് രണ്ടുപേരുംകൂടി അടിച്ചുപൊളിച്ചു വരികയായിരുന്നു… പക്ഷേ റോഡിൽ ചില ഭാഗങ്ങളിൽ ഒട്ടും വെട്ടമില്ല.. കേശവൻ പാറ കഴിഞ്ഞപ്പോഴേക്കും അത്യാവശ്യം നല്ല രീതിയിൽ മഴപെയ്യാനും തുടങ്ങി…
ഇരുട്ടും മഴയും കാരണം മുന്നിലുള്ളതൊന്നും കാണാൻ പറ്റാതെ എന്തൊക്കെയോ ചളി അടിച്ചുകൊണ്ടിരുന്ന ആന്റപ്പനെ പാതി മാത്രം ശ്രദ്ധിച്ചുകൊണ്ട് കൂടുതലും ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചാണ് പോളച്ചൻ വണ്ടിയോടിച്ചിരുന്നത്..
ഇടയ്ക്കെപ്പോഴോ ഓവർടേക്ക് ചെയ്തു കയറിയ ഒരു പജീറോ സ്പോട്ട് അധികം സ്പീഡിൽ അല്ലാതെ എന്നാൽ പോളച്ചന്റെ കാറിന് സൈഡും കൊടുക്കാതെ മുന്നിലൂടെ തെന്നി നീങ്ങി കൊണ്ടിരുന്നു…..
പോളച്ചൻ രണ്ടുമൂന്നു തവണ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ഹോണടിച്ചെങ്കിലും അവരെ വണ്ടി മാറ്റി കൊടുത്തില്ല…
മുന്നിലൊരു വളവ് തിരിഞ്ഞപ്പോൾ പോളച്ചന്റെ കാല് അതിവേഗം ബ്രേക്കിൽ അമർന്നു…
ഒരു വലിയ അലർച്ചയോടെ വണ്ടി നിന്നു… മാനും മനുഷ്യനും ഇല്ലാത്ത സമയം.. കുറ്റാ കൂരിരുട്ടും പോരാത്തതിന് മഴയും.. ഒരു വശത്ത് കൊക്കയും മറുവശത്ത് ഇടതൂർന്ന റിസർവ്വ് വനവും…
പോളച്ചൻ മുന്നിലേക്ക് അതി സൂക്ഷ്മമായി നോക്കി… മുൻപേ പോയ പജീറോ സ്പോട്ട് റോഡിന് കുറുകേ ഇട്ടിരിക്കുന്നു…. പോളച്ചന് അപകടം മണത്തു…
കാറിൽ നിന്ന് ഇറങ്ങാതെ അവൻ അവിടെ തന്നെ ഇരുന്നു… ആന്റപ്പൻ പേടിയോടെ പോളച്ചനെ നോക്കി…
അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ഇരുകാറുകളിൽ നിന്നും ആരും പുറത്തിറങ്ങിയില്ല…
“എന്താടാ.. പോളച്ച…”ആന്റപ്പൻ വിറക്കുന്ന കൈകളോടെ പോളച്ചന്റെ കൈമുട്ടിൽ പിടിച്ചു..
“എന്തോ മൊടയാണ്… അവന്മാർ ഇറങ്ങുന്നുമില്ലല്ലോ… നമ്മള് അങ്ങോട്ട് കയറി എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ തലേല് വെക്കാനുള്ള പ്ലാനിൽ ഇരിക്കുകയായിരിക്കും.. വഴക്കിന് ഒരു വഴി കണ്ടെത്തുകയാണ്… ഏതായാലും ഞാൻ ചെന്ന് വണ്ടി മാറ്റിയിടാൻ പറയട്ടെ…”
“അതിന് നീ ഇറങ്ങിച്ചെന്നു പറയുന്നതെന്തിനാ..നീ ഹോണടിച്ചെ…”
ആന്റപ്പൻ പറയുന്നത് കേട്ട് പോളച്ചൻ നിർത്താതെ കുറച്ചുനേരം ഹോൺ അടിച്ചു…
അപ്പോൾ അതിൻറെ ബാക്കിലെ ഡോർ തുറന്ന് ഇരുവശങ്ങളിൽ നിന്നും രണ്ടുപേർ ഇറങ്ങുന്നത് പോളച്ചനും ആന്റപ്പനും കണ്ടു…
“ഫ്രെഡിയും എൽദോയും…”
“ങ…ഇവന്മാർ ആയിരുന്നോ.. ഈ മരമണ്ടൻമാർ…”പോളച്ചൻ ഒരു ദീർഘനിശ്വാസം ഉതിർത്തു…
എന്നാൽ തന്റെ കാറിന്റെ അടുത്തേക്ക് വരാതെ അവരുടെ പജീറോ സ്പോട്ടിൽ ചാരി സിഗരറ്റിന് തീകൊളുത്തി നിൽക്കുന്നവന്മാരുടെ ഇടയിലേക്ക് ഫ്രൻ്റിൽ നിന്നും ക്രിസ്റ്റിയും ആറടി പൊക്കത്തിൽ ആരോഗ്യ ദൃഡഗാത്രനായ.. നല്ല വെളുത്ത നിറത്തിൽ മുടി നീട്ടി വളർത്തി കളർ ചെയ്ത.. സ്ലീവ് ലെസ് ബ്ലാക്ക് ബനിയനും ബ്ലാക്ക് ജീൻസും ധരിച്ച ആളെ പോളച്ചൻ തിരിച്ചറിഞ്ഞു…..
വൻകിട ബിസിനസ്കാരൊക്കെ ലക്ഷങ്ങൾ വാരി എറിഞ്ഞ് പലകാര്യങ്ങളും തങ്ങളുടെ ചൊൽപ്പടിക്ക് ആക്കുവാൻ ഉപയോഗിക്കുന്ന ഒരു പ്രൊഫഷണൽ ഗുണ്ട.. മുംബൈ ബിസിനസ് സാമ്രാജ്യം അടക്കി വാഴുന്ന ഗോഡ്വിൻ ഫെർണാണ്ടസ്!!!!
പതിയെ ഡോർ തുറന്നു പുറത്തിറങ്ങാൻ തുനിഞ്ഞ പോളച്ചന്റെ കൈക്ക് കയറിപ്പിടിച്ചു ആന്റപ്പൻ… അവന്റെ പിടി വിടുവിച്ച് കൊണ്ട് പോളച്ചൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി… തൊട്ടു പിന്നാലെ അപ്പുറത്തെ ഡോർ തുറന്നു ആന്റപ്പനും..
ഇവര് പുറത്തിറങ്ങിയത് കണ്ടത് അവിടെ നിന്ന് ഗോഡ്വിനും ക്രിസ്റ്റിയും
കൂടി പോളച്ചന്റെ നേർക്ക് പാഞ്ഞടുത്തത് ഒരുമിച്ചായിരുന്നു.. അത്ര വേഗത്തിൽ അല്ലെങ്കിലും തൊട്ടു പിന്നാലെ ഉണ്ടായിരുന്നു ഫ്രെഡിയും എൽദോയും…
പോളച്ചന്റെ ഒത്ത ഉയരത്തിൽ എതിർവശത്ത് നിന്ന് ഗോഡ്വിൻ ഫെർണാണ്ടസ് അവൻറെ കണ്ണുകളിലേക്ക് തീക്ഷണമായി നോക്കി…
പോളച്ചനും കണ്ണുകൾ മാറ്റിയില്ല.. അതേ തീവ്രതയോടെ തന്നെ തിരിച്ചും നോക്കി…
കണ്ണിൽ നോക്കി നിന്നവന്റെ കൈകൾ അരയിലേക്ക് പോകുന്നത് ആൻറ്റപ്പനാണ് കണ്ടത്…ഗോഡ്വിൻ അതൂരി പോളച്ചന്റെ നെഞ്ചിൻ കൂട്ടിലേക്ക് കുത്തി ഇറക്കാൻ എടുത്ത നിമിഷത്തിന്റെ അര നിമിഷം മതിയായിരുന്നു ആന്റപ്പന് ആ കത്തിയുടെ മുന്നിലേക്ക് നെഞ്ചുവിരിച്ച് നിൽക്കാൻ…!!!
എന്നാൽ അത് മുന്നിൽകണ്ട് ഗോഡ്വിന്റെ തൊട്ടു പുറകിൽ നിന്നിരുന്ന ക്രിസ്റ്റി ആന്റപ്പനെ തള്ളി മാറ്റി.. കൃത്യം കത്തി ആൻ്റപ്പന്റെ തോളിലൂടെ കുത്തി പോളച്ചന്റെ നെഞ്ചിലേക്ക് കയറി…
നെഞ്ചിൽ നിന്ന് കുമിഞ്ഞു ചാടുന്ന കൊഴുത്ത ചോര പൊത്തിപ്പിടിച്ചുകൊണ്ട് പോളച്ചൻ കാലുയർത്തി ഗോഡ്വിനിട്ട് ഒരു ചവിട്ട് ചവിട്ടി… അത്രകണ്ട് ബലമില്ലാത്ത ചവിട്ട് ആയതിനാൽ അയാള് വെച്ച് പുറകോട്ടു പോയതെ ഉള്ളൂ… നെഞ്ചിൻകൂട് പൊത്തിപ്പിടിച്ചു കൊണ്ട് പോളച്ചൻ പിന്നിലേക്ക് മറിയുന്നത് ആന്റപ്പൻ നോക്കി നിന്നു…
പോളച്ചന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടാൻ കാലുയർത്തിയ ഗോഡ്വിനെയും കൂട്ടരേയും ഞെട്ടിച്ചുകൊണ്ട് കാടിറങ്ങി ഒരു ചിന്നം വിളി കേട്ടു… !!!!ഒപ്പം കാടു കുലുക്കി വരുന്ന ഒരു കൊമ്പന്റെ ചൂരും…