വെളിച്ചതിന് കീഴെയുള്ള ആ കുളത്തിൽ നിന്നും തന്റെ അവസാനത്തെ പ്രതീക്ഷിച്ചു നിൽക്കുന്ന താമര പുതിയ താമരകളെ അസൂയയോടെ നോക്കി നിൽക്കുന്നത് പോലെയവൾക്ക് തോന്നി…..

രചന – അയിഷ അക്ബർ

   

അതി സുന്ദരി..പതിനാറാം ഭാഗം
അവൻ മുറിയിലേക്ക് കയറുമ്പോൾ ജനലിനോരം അവൾ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു……
ഇരുട്ട് പരന്ന മുറ്റമാകെ വില കൂടിയ ബൽബുകൾ കത്തി നിൽക്കുന്നുണ്ടായിരുന്നു…..
വെളിച്ചതിന് കീഴെയുള്ള ആ കുളത്തിൽ നിന്നും തന്റെ അവസാനത്തെ പ്രതീക്ഷിച്ചു നിൽക്കുന്ന താമര പുതിയ താമരകളെ അസൂയയോടെ നോക്കി നിൽക്കുന്നത് പോലെയവൾക്ക് തോന്നി…..

കാശി മുറിയിലേക്ക് വന്നത് അവളറിഞ്ഞിട്ടുണ്ടായിരുന്നില്ല…..
അപ്പോഴും അവൾ പുറത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു…..
കാശിയും അവൾക്കരികിലായി വന്നു നിന്നു….
അവളോടെന്ത് പറഞ്ഞ് തുടങ്ങണമെന്നറിയില്ലായിരുന്നവന്…..
അവൾ അവന്റെ മുഖത്തേക്ക് പെട്ടെന്ന് നോക്കി…..

അവനും ദൂരെ കാണുന്ന ആ താമരകളെ നോക്കുന്നത് പോലെ യവൾക്ക് തോന്നി….
അവനടുത് നിന്നത് അല്പം അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയത്…..
താങ്സ്…..
അവൻ പിറകിൽ നിന്നത് പറഞ്ഞതും അവനിലേക്ക് തിരിഞ്ഞില്ലെങ്കിലും അവളൊന്ന് നിശ്ചലയായി…..
എന്തിന്……?

അവൾ ചോദിക്കുമ്പോഴും വെള്ളം തനിക്ക് കൊണ്ട് തന്നതിനെന്നവൻ പറയുമെന്നറിയാമായിരുന്നു….
അതിന്റെ ആവശ്യമൊന്നുമില്ല…. എന്ന് അങ്ങേയറ്റം ഗൗരവത്തോടെ പറഞ്ഞ് അവനിൽ നിന്നൊഴിയണമെന്ന് മനസ്സിൽ കണക്ക് കൂട്ടി തന്നെയായിരുന്നു അവളത് ചോദിച്ചത്…….
ചൂടായിരുന്ന എന്നെ തണുപ്പിച്ചതിനു…..

അവൾക്ക് മുമ്പിലേക്ക് കയറി നിന്നു അവളുടേ മുഖത് നോക്കി കുസൃതി ചിരിയോടെ അവനത് പറയുമ്പോൾ അവളൊന്നു പതറി……
ഔദ്യോഗികമായ തരത്തിലുള്ള ഒരു സംസാരത്തിനപ്പുറം അവനിൽ നിന്നിങ്ങനെയൊരു ഭാവം അവൾ കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ അതിനെ എങ്ങനെ നേരിടണമെന്ന് അവൾക്കറിയില്ലായിരുന്നു…..
അവളെ നോക്കിയുള്ള അവന്റെയാ ചിരി അവൾക്ക് വല്ലാത്തൊരു പ്രയാസം സൃഷ്ടിച്ചു…..

അവൾഅവന്റെ മുഖത് നിന്നും കണ്ണുകൾ പറിച്ചെടുത്തു വേഗം താഴേക്ക് നോക്കി….
അപ്പോഴും അവളുടേ കൈ സാരി തുമ്പിൽ ചുരുട്ടി കൊണ്ടിരിക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു….
അവൻ ചിരിയോടെ അതേ നിൽപ്പ് നിൽക്കുകയാണെന്ന് മനസ്സിലായതും അവൾ വേഗം അവനിൽ നിന്നും പുറത്തേക്ക് നടന്നു…..
അവന്റെ ചിരിക്ക് മുമ്പിൽ അടി പതറിയ അവളെ കുറിച് അവൾ സ്വയമോന്നോർത്തു…..
അങ്ങനെ മനസ്സ് തെളിഞ്ഞൊരു ചിരി അവനിൽ നിന്ന് ഇത് വരെ താൻ കണ്ടിട്ടില്ല…

അപ്പോൾ പിന്നെങ്ങനെ അത് തന്നിലേക്ക് വരുമെന്ന് പ്രതീക്ഷിക്കും….
ഒരു ഗ്ലാസ്‌ വെള്ളം വെച്ചത് അവനിത്ര മേൽ സന്തോഷം നൽകാൻ കാരണമെന്താവും….
ആരിൽ നിന്നെങ്കിലും അങ്ങനെയൊരു കാര്യത്തെ അവനത്ര മാത്രം ആഗ്രഹിക്കുന്നണ്ടെന്നല്ലേ…..
എല്ലാ കാര്യങ്ങൾക്കും ജോലിക്കാരെ മാത്രം ആശ്രയിക്കേണ്ടി വരുന്ന പ്രയാസം അവനെ വേദനിപ്പിക്കുന്നത് കൊണ്ടല്ലേ…..
അവൾക്കവനോട്‌ വല്ലാത്തൊരു സഹതാപം തോന്നി…..

എന്ത് കൊണ്ടായിരിക്കും സ്വന്തം അമ്മയിൽ നിന്ന് അവനിങ്ങനെയൊരു അവഗണന കിട്ടാൻ കാരണം….
ഇനി അതും താൻ കാരണമായിരിക്കുമോ….
അവളുടേ മനസ്സ് ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു……

അപ്പോഴും അവന്റെ ചിരി ഹൃദയതിന്റെ ഒരു കോണിൽ ഭദ്രമായി കിടപ്പുണ്ടായിരുന്നു…
അർഹതയില്ലാത്തതിനെ ആഗ്രഹിച്ചു ദുഖങ്ങളുടെ ആഴിയിലേക്ക് കൂപ്പു കുത്താൻ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ അവളതിനെ മനപ്പൂർവം മറക്കാൻ ശ്രമിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് മുതലായിരുന്നു തന്റെ ജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ സംഭവിക്കുന്നത് അവനറിഞ്ഞു തുടങ്ങിയത്…..
വീട്ടിലെത്തി മുറിയിലേക്ക് കയറുമ്പോഴേക്കും അവിടെ കുഞ്ഞ് മേശ മേൽ അടച്ചു വെച്ചൊരു ഗ്ലാസ്‌ തനിക്കായി കരുതി വെച്ച തണുത്ത ജ്യൂസൊ വെള്ളമോ ആയിരിക്കും….

സാധാരണ താൻ മുറിയിൽ കൊണ്ട് വന്ന് കഴിക്കാറില്ലെങ്കിലും തനിക്കായി ആവശ്യപ്പെടാതെ കിട്ടുന്നതായത് കൊണ്ട് താനതിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു …..
അലക്ഷ്യമായി താൻ വെച്ച എന്ത് സാധനവും തിരിച്ചു അത് പോലെ ആവണമെങ്കിൽ ഒന്നുകിൽ താനെടുത്തു വെക്കണം.. അല്ലെങ്കിൽ പിറ്റേന്ന് രമ ചേച്ചി തൂത്തു വൃത്തിയാക്കുന്ന സമയമാകണം….
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മുറി സദാ സമയവും വൃത്തിയോടെ കാണപ്പെട്ടു….
അവളോട് ഹൃദയത്തിലോരടുപ്പം തോന്നി തുടങ്ങിയത് അവന്നറിഞ്ഞിരുന്നു….

അതിനൊരിക്കലും പ്രണയമെന്നൊരു വാക്കിനിടമില്ല…..
പിന്നേ തനിക്കവളോടുള്ള വികാരമെന്താണ്…..
തനിക്കവളോടുള്ള അടുപ്പത്തിന്റെ ഉറവെന്ന് പറയുന്നത് അവളോട്‌ തോന്നിയ സഹതാപത്തിൽ നിന്നാണ്….
ഒരു സൗഹൃദ മാണോ തങ്ങൾക്കിടയിൽ വളർന്നു വരുന്നത്…..
എന്തായാലും അതിനു ശേഷം തനിക്കായ്യൊരാൾ ഉണ്ടെന്ന് മനസ്സ് സ്വയം ആശ്വസിച്ചു തുടങ്ങും പോൽ…..
അപ്പോഴും തന്റെ ഉള്ളിലെ പ്രണയം അവളിലേക്കൊഴുക്കുമെന്ന് അവനൊരുറപ്പും ഉണ്ടായിരുന്നില്ല….

അതിനു കാരണം അവളുടേ രൂപം തന്നെ….
എന്നാൽ തന്നോടുള്ള വെറുപ്പ് നിറഞ്ഞു കണ്ടിരുന്ന അവളുടേ കണ്ണുകളിൽ അതിനു പകരം കാണുന്ന തെളിച്ചം അവൾ തന്നെ ഉൾകൊള്ളുന്നു
എന്നതല്ലേ….അതവനിലൊരു ആശ്വാസത്തിനിടം നൽകിയിരുന്നു….
അവനോരോന്ന് ആലോചിച്ചു കട്ടിലിലിരുന്നു ഷൂസിടുമ്പോഴായിരുന്നു സൂര്യ മുറിയിലേക്ക് വരുന്നത്…..
കഴുകാനുള്ള തുണികളോ മറ്റോ തിരയുന്ന തിരക്കിലാണവൾ…
തന്നിലേക്കൊരു നോട്ടം അവൻ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം…
അവൻ ഒരു നിമിഷം അവളെ നോക്കി….

തീരെ മെലിഞ്ഞതും വല്ലാതെ തടിച്ചതുമല്ലാത്ത നല്ല ആകാര വടിവോത്ത ശരീരം…..
കറുപ്പ് നിറമെന്നത് ശെരി തന്നെ…. എങ്കിലും നീണ്ടു വിടർന്ന അവളുടേ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത യുണ്ടായിരുന്നു…..
നീണ്ട നാസിക തുമ്പിൽ വിയർപ്പ് തുള്ളി പറ്റിപ്പിടിച്ചിരിക്കുന്നു…..
നെറ്റിയിൽ തൊട്ട ഒരു കുഞ്ഞ് ചുവന്ന പൊട്ട്….
നെറുകെയിൽ സിന്ദൂരം ചുവന്നു കാണുന്നുണ്ട്…..

നീളൻ മുടി മെടഞ്ഞു മടക്കി കെട്ടി വെച്ചിരിക്കുന്നു…..
കുനിയുമ്പോൾ കഴുത്തിൽ താൻ കെട്ടിയ താലി വ്യക്തമായി കാണുന്നുണ്ട്…
അന്നാദ്യമായി അവൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.
ആദ്യമൊന്നും അവളെ നോക്കാനെ തോന്നിയിരുന്നില്ല…..

പിന്നീടെപ്പോഴോ സഹതാപം നിറഞ്ഞൊരു നോട്ടം അവൾക് നൽകാൻ തുടങ്ങിയെങ്കിലും അതിൽ അവളുടേ രൂപത്തെ മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു….
എന്നാൽ ആദ്യമായി അവൾ തന്നോട് മിണ്ടിയ അന്ന് അവളെ താൻ നോക്കുമ്പോൾ കണ്ണുകളിൽ ആത്മാഭിമാനമായിരുന്നു കണ്ടിരുന്നത്…..
പിന്നീടെപ്പോഴോ അവളിൽ നിന്നൊരു സൗഹൃദം മനസ്സ് ആഗ്രഹിക്കുമ്പോഴും അലക്ഷ്യമായേ അവളെ നോക്കിയിട്ടുള്ളു…..
എന്നാലിന്ന് അവളിലും സൗന്ദര്യമുണ്ടെന്നൊരു തോന്നൽ തനിക്ക് വരാൻ കാരണമെന്താവും…..

അവളിലേക്ക് തന്നെ ആകർഷിക്കുന്നത് അവളുടേ സ്വഭാവമാണോ….
അവൻ സ്വയം ചിന്തിക്കുമ്പോഴേക്കും അവൾ അവനെ തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു…
മ്മ്……
അവൾ അവന് നേരെ പുരികമുയർത്തി….
അപ്പോഴാണ് താൻ അവളുടേ മുഖത്തേക്ക് നോക്കിയാണ് ഇത്ര നേരം ആലോചനയിൽ മുഴുകിയതെന്ന് അവനോർക്കുന്നത്…..
മ്ച്ചും….
അവൻ അവൾക്ക് നേരെ ചുമൽ കുലുക്കി….

അവന്റെ മുഖത് നിറഞ്ഞു നിന്നിരുന്ന ജാള്യത അവനിലൊരു ചെറു ചിരി വിരിയിച്ചിരുന്നു….
അതവളിലേക്കും പകർന്നെന്ന് അവന് തോന്നിയ അതേ നിമിഷം അവൻ കാണാതിരിക്കാൻ അവൾ പെട്ടെന്ന് മുഖം തിരിച്ചിരുന്നു…….
അവൾ പെട്ടെന്ന് തന്നെ തുണികളെടുത് പുറത്തേക്ക് നടന്നു…..
അതേയ്…
അവൻ പിറകിൽ നിന്ന് വിളിച്ചതും അവളുടേ കാലുകൾ നിശ്ചലമായി…..

തനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാം കേട്ടോ…… ഞാൻ വരുമ്പോൾ വാങ്ങി വരാം……
അവനത് പറയുമ്പോൾ കണ്ണുകൾ അവളെ തഴുകുന്നുണ്ടായിരുന്നു…..
വേണ്ടാ….
അവൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ കൂടി അവളുടേ വാക്കിലെ കടുപ്പം കൊണ്ടാവാം അവനൊരു നിരാശ തോന്നിയത് …..
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി…. ഓഫീസിലെ നമ്പറിൽ വിളിച്ചാലും മതി ……ഞാൻ വരുമ്പോൾ കൊണ്ട് വരാം…..
അത്രയും പറഞ് അവനവിടെ നിന്നും പോകുമ്പോഴും സൂര്യയുടെ മനസ്സ് ആശയ കുഴപ്പത്തിലായിരുന്നു…..

അവൻ തന്നോട് അടുക്കാൻ ശ്രമിക്കുന്നത് തന്നെ ഏറെ ഭയപ്പെടുത്തുന്നു….
തന്നെ ഒരിക്കലും അവന് പ്രണയിക്കാനാവില്ലെന്ന് തനിക്കറിയാം…
എങ്കിലും അവൻ തന്റെ ഭർത്താവാണെന്നത് സത്യമായ കാര്യമല്ലേ.
അവൻ തന്നോടടുക്കുമ്പോൾ തന്റെ മനസ്സ് അവനിൽ നിന്ന് പ്രണയം ആഗ്രഹിക്കുമോ എന്നൊരു പേടി അവളിൽ സ്വയം നിറഞ്ഞു നിന്നിരുന്നു……
തങ്ങൾക്കിടയിൽ ഇപ്പോഴുള്ള ബന്ധമെന്താണ് …..

അവൾക്കറിയുന്നില്ലായിരുന്നു…..
രണ്ട് പേർക്കും പരസ്പരം മനസ്സിലാക്കാൻ കഴിയുന്നു എന്നതിൽ കവിഞ്ഞു യാതൊരു ബന്ധവുമില്ല…..
അവളൊന്നു. ചിരിച്ചു…. അങ്ങേയറ്റം പുച്ഛത്തോടെ…..
അവനെ ശെരിക്കും തനിക്ക് മനസ്സിലാക്കാനേ സാധിക്കുന്നില്ല….
എങ്കിലും സ്നേഹത്തിനു വേണ്ടി യാചിക്കാൻ തനിക്ക് താല്പര്യമില്ലാത്തത് കൊണ്ട് തന്നെ അവൾ അവനിൽ നിന്ന് വ്യക്തമായ അകലം സൂക്ഷിക്കാൻ മനസ്സിനെ പാകപ്പെടുത്തി എടുക്കുകയായിരുന്നു……..
(തുടരും )

Leave a Reply

Your email address will not be published. Required fields are marked *