ഇല്ലമ്മേ,,,ശ്രീയേട്ടന് എന്തോ സംഭവിച്ചിട്ടുണ്ട് ,ഇല്ലെങ്കിൽ ഇന്നേ വരെ,എത്ര പിണങ്ങിയാലും, എൻ്റെ കോള് കട്ട് ചെയ്യുകയോ, ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്തിട്ടില്ല, തിരിച്ച് പോകാനൊരുങ്ങുന്ന ചാരുലതയെ ആശ്വസിപ്പിക്കാൻ ശ്രമിച്ച അമ്മയോടവൾ കാര്യം തുറന്ന്പറഞ്ഞു
എങ്കിൽ നീ ഒറ്റയ്ക്ക് പോകണ്ടാ അച്ഛനിങ്ങോട്ട് വരട്ടെ എന്നിട്ട് അച്ഛനുമായിട്ട് പോയാൽ മതി ,,,
അതൊന്നും വേണ്ടമ്മേ ,,, ഞാനൊറ്റയ്ക്കല്ലേ വന്നത് ,അത് പോലെ തന്നെ തിരിച്ച് പൊയ്ക്കൊള്ളാം, അമ്മ പേടിക്കേണ്ട ഇനി ഞാൻ കഴിവതും അവിടെ പിടിച്ച് നിന്നോളാം, ഒന്നും രണ്ടും പറഞ്ഞ് ഞാനിനി ഇങ്ങോട്ടേക്ക് എപ്പോഴും ഓടി വരില്ല
അയ്യോ മോളേ അമ്മ അന്നേരത്തെ വിഷമത്തിന് അങ്ങനെ പറഞ്ഞെന്നല്ലേയുള്ളു,
അതോർത്ത് നീയിനി വരാതിരിക്കണ്ട, ഇത് നിൻ്റെയും കൂടെ വീടാണ് ,എപ്പോൾ വേണമെങ്കിലും വരികയും പോകുകയും ചെയ്യാം നിനക്കിഷ്ടമുള്ളത്ര ദിവസങ്ങൾ അച്ഛൻ്റെയും അമ്മയുടെയുമൊപ്പം കഴിയുകയും ചെയ്യാം, പക്ഷേ അതൊരിക്കലും ശ്രീകുമാറുമായി പിണങ്ങിയിട്ടാവരുതെന്നേ അമ്മ പറഞ്ഞതിനർത്ഥമുള്ളു ,അത് ഞാൻ മാത്രമല്ല, എല്ലാ മാതാപിതാക്കളും അങ്ങനെയേ ചിന്തിക്കൂ,,
ശരിയമ്മേ,, എനിക്ക് മനസിലാവും, അമ്മയിനി അതോർത്ത് വിഷമിക്കണ്ടാ,, ഞാനിറങ്ങട്ടെ ,ഇപ്പോൾ വീയപുരത്തേയ്ക്കൊരു ഓർഡിനറിയുണ്ട് ,അത് കിട്ടിയാൽ നാല് മണിക്കെങ്കിലും അവിടെയെത്താം
നിനക്ക് ധൃതിയാണെങ്കിൽ പോയിട്ട് വാ മോളേ ,, അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞോളാം
പടിക്കെട്ടിൽ അഴിച്ചിട്ടിരുന്ന കെട്ട് ചെരുപ്പിൻ്റെ വള്ളി കോർത്തിടുമ്പോഴേയ്ക്കും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു
ആഹ് ,ദേ അച്ഛൻ വന്നല്ലോ?
എന്നാൽ പിന്നെ, ബസ്സ്റ്റോപ്പ് വരെ അച്ഛൻ കൂടെ വരും,,
അല്ല മോളിതെങ്ങോട്ടാണ് പോകുന്നത്?
കിതപ്പോടെ നടന്ന് വന്ന അച്യുതൻ അവളുടെ കൈ പിടിച്ച് കൊണ്ട് ഈറനണിഞ്ഞ കണ്ണുകളോടെ ചോദിച്ചു
അച്ഛൻ്റെ ആ മുഖഭാവം ചാരുലതയിൽ അമ്പരപ്പുളവാക്കി
അയ്യേ,,, ഞാൻ പോകുന്നതിനാണോ അച്ഛൻ കരയുന്നത് ?അതിന് ഞാൻ വരുന്നതും പോകുന്നതും
ഇതാദ്യമായിട്ടൊന്നുമല്ലല്ലോ അച്ഛാ,,,?
അവൾ ചെറുചിരിയോടെ
അച്ഛനെ കളിയാക്കി,
അതല്ല മോളേ ,, നമുക്കൊരുമിച്ച് പോകാം ,നീയിവിടെയിരിക്ക് അച്ഛനീ കുപ്പായമൊന്ന് മാറിക്കോട്ടെ ആകെ മുഷിഞ്ഞിരിക്കുവാ,ശാരദേ ,, നീയും വേഗം ഒരുങ്ങ് ,മോളെയും കൊണ്ട് നമുക്ക് വേഗം ഇറങ്ങണം ,,,
അയാളുടെ ശബ്ദത്തിലെ പതർച്ചയും മുറിയുന്ന വാക്കുകളും ശാരദയിലും ചാരുലതയിലും സങ്കോചമുണ്ടാക്കി
അച്ഛനെന്തൊക്കെയാ
പിച്ചും പറയുന്നത്?
ഒന്നുമില്ല മോളേ ,, നീയിരിക്ക്, അച്ഛൻ ദാ വന്നു,,ശാരദേ,,, നീയാ ഗിരീഷിനെ വിളിച്ചിട്ട് കാറുമായിട്ടിങ്ങോട്ടൊന്ന് വേഗം വരാൻ പറയ്,,
ഭർത്താവിൻ്റെ വെപ്രാളവും പരവേശവും കണ്ട ശാരദയ്ക്കും എന്തോ പന്തികേട് മണത്തു ,കുപ്പായം മാറ്റാൻ അകത്തേയ്ക്ക് കയറിയ അച്ചുതൻ്റെ പുറകെ ചെന്ന് ശാരദ അയാളോട് കാര്യമന്വേഷിച്ചു.
ഞാനതങ്ങെനെ പറയും ശാരദേ,,എൻ്റെ മോളുടെ ജീവിതം തുലാസിലായെടീ,,, ശ്രീകുമാറിന് ഒരു അപകടം പറ്റി ,കവലയിൽ ചെന്നപ്പോൾ രാഘവൻ്റെ ചെക്കൻ പറഞ്ഞിട്ടാണ് ഞാനറിയുന്നത് പോസ്റ്റിൽ നിന്ന് ഷോക്കടിച്ച് താഴെ വീണതാണെന്നാ പറയുന്നത് ,ഇപ്പോൾ എറണാകുളത്തേയ്ക്ക് കൊണ്ട് പോയിരുക്കുവാണ്, എൻ്റെ പരദൈവങ്ങളേ,, അവനെ കാത്തോളണേ….
കുപ്പായം മാറുന്നതിനിടയിൽ തേങ്ങലോടെയാണ് അയാളത് പറഞ്ഞത്.
അയ്യോ,, എൻ്റെ
സർപ്പദൈവങ്ങളേ… എൻ്റെ കുഞ്ഞിനെ നീയിങ്ങ് തിരിച്ച് തന്നേക്കണേ,,, എൻ്റെ മോളെ നീ പരീക്ഷിക്കല്ലേ,,,
ഒരലർച്ചയോടെയാണ് ശാരദ ദൈവത്തിനെ വിളിച്ചത്, പുറത്ത് നിന്ന ചാരുലത അത് കേട്ട് ഓടി വന്നു.
എന്താ അമ്മേ ,,, എന്താ അച്ഛാ ,,
ഉത്ക്കണ്ഠയോടെ അവൾ ചോദിച്ചു.
എൻ്റെ മോളേ ,,, ശ്രീമോന് എന്തോ അപകടം പറ്റി ആശുപത്രീലാണെന്ന് ,,
ഈശ്വരാ,, എന്താ അച്ഛാ,, എൻ്റെ ശീയേട്ടന് പറ്റിയത് ?
ഒന്ന് പറയച്ഛാ ,,,
അവൾ പൊട്ടിക്കരഞ്ഞ് കൊണ്ട് അയാളുടെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചുലച്ച് കൊണ്ട് ചോദിച്ചു.
എനിക്കൊന്നുമറിയില്ല മോളേ,,
നീ കരയാതെ ,നമുക്ക് എത്രയും പെട്ടെന്ന് എറണാകുളത്തേയ്ക്ക് തിരിക്കാം,,,
അപ്പോഴേയ്ക്കും ചാരുലത താഴേയ്ക്ക് തളർന്നിരുന്ന് പോയി.
ഗിരീഷിൻ്റെ ടാക്സി എറണാകുളത്തേയ്ക്ക് തിരിക്കുമ്പോൾ മൂന്ന് പേരും മൂകരായിരുന്നു
ഇടയ്ക്കിടെ ചാരുലതയുടെ ഏങ്ങലടി പുറത്തേയ്ക്ക് വരുമ്പോൾ ശാരദ അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു
അടുത്ത നിമിഷം ,അച്ചുതൻ്റെ ഫോണിലേയ്ക്ക് രാഘവൻ്റെ ഫോൺ കോൾ വന്നു
ങ്ഹാ അച്ചുതാ ,, മോൻ വിളിച്ചിരുന്നു നിങ്ങളിനി എറണാകുളത്തേയ്ക്ക് ചെല്ലണ്ടന്നാണ് അവൻ പറഞ്ഞത്, നമ്മുടെ പ്രാർത്ഥനയൊക്കെ വൃഥാവിലായി ,നീ തളരരുത് അച്ചുതാ ,,,മോളെ, നീ വേണം ആശ്വസിപ്പിക്കാൻ ,
ബോഡി ,ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ട് വരുന്നുണ്ട്, പോസ്റ്റ്മോർട്ടം വേണ്ടിവരുമത്രേ,,
അത് കേട്ട് മറുപടിയൊന്നും പറയാതെ ,അച്ചുതൻ സ്തബ്ധനായിരുന്നു പോയി
ആരാ അച്ഛാ,, വിളിച്ചത്?
ജിജ്ഞാസയോടെ ചാരുലത പുറകിലിരുന്ന് ചോദിച്ചു.
എന്ത് പറയണമെന്നറിയാതെ അയാൾ മരവിച്ചിരുന്ന് പോയി.
ഒന്ന് പറയച്ഛാ ,, ആരാ വിളിച്ചത്?
അയാളുടെ ചുമലിൽ പിടിച്ചുലച്ച് കൊണ്ട് വീണ്ടുമവൾ ചോദിച്ചു.
ഗിരീഷേ ,, നമുക്ക് ആലപ്പുഴയ്ക്ക് തിരിച്ച് പോകാം ,,
പതിഞ്ഞ ശബ്ദത്തിൽ വേദനയോടെ അച്ചുതൻ ഡ്രൈവറോട് പറഞ്ഞു.
എൻ്റീശ്വരാ,,, എൻ്റേട്ടനെ നീ കൊണ്ട് പോയോ ?എൻ്റമ്മേ,,, ഞാനിനി എന്തിനാ ജീവിക്കുന്നത്???
ഒരു ഭ്രാന്തിയെ പോലെ ചാരുലത കാറിൻ്റെ ഡോറിൽ തല കൊണ്ട് ആഞ്ഞിടിച്ചു
എൻ്റെമോളേ..
നിലവിളിയോടെ ശാരദ ,
അവളെ പിടിച്ച് തൻ്റെ മടിയിലേക്ക് ചായ്ച്ച് കിടത്തി.
അപ്പോഴേയ്ക്കും ചാരുലതയുടെ ബോധം മറഞ്ഞിരുന്നു.
####################
മോളേ ,,നീയിങ്ങനെ ജലപാനം പോലുമില്ലാതിരുന്നാലെങ്ങനാ? നിൻ്റെ ജീവൻ നിലനിർത്താനെങ്കിലും ഇത്തിരി എന്തേലും കഴിക്ക് മോളേ ,,
അമ്മ ദേ പൊടിയരിക്കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് മോള് എഴുന്നേറ്റിരുന്നാൽ മതി അമ്മ തന്നെ കോരി തന്നോളാം,,,
ശ്രീകുമാറിൻ്റെ സംസ്കാര ചടങ്ങുകളെല്ലാം കഴിഞ്ഞ് ബന്ധു ജനങ്ങളെല്ലാം രണ്ട് ദിവസം കൊണ്ട് പിരിഞ്ഞ് പോയെങ്കിലും ശാരദയും അച്ചുതനും മകൾക്ക് കൂട്ടായി ശ്രീകുമാറിൻ്റെ വീട്ടിൽ തന്നെയുണ്ടായിരുന്നു
ഇനിയിപ്പോൾ ശ്രാദ്ധംകഴിഞ്ഞിട്ട് നിങ്ങള് പോയാൽ മതി അത് വരെ ചാരുവിന് ഒരു കൂട്ടായി നിങ്ങളിവിടെ വേണമെന്ന് ഗോവിന്ദനും കൂടി പറഞ്ഞപ്പോൾ അവർ മറുത്തൊന്നും പറഞ്ഞില്ല
,######################
മോളേ എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ, ഇനിയിപ്പോൾ പതിനാറിന് വരാം , ഹേമലത, കുട്ടികളെ സ്കൂളിൽ വിടാതെ തറവാട്ടിൽ വന്ന് നില്ക്കുവല്ലേ?
ഞങ്ങള് ചെന്നിട്ട് വേണം അവരെ പറഞ്ഞ് സത്യൻ്റെ വീട്ടിലേയ്ക്ക് വിടാൻ ,പശുക്കളെ നോക്കാൻ ആരെങ്കിലും വേണ്ടേ,,, അത് കൊണ്ടാണ് സത്യനോട് പറഞ്ഞിട്ട് ഹേമയെ നിർത്തി തന്നത് ,അറിയാമല്ലോ? അയാളും ഒരു കച്ചവടവുമായി ഇരിക്കുന്നതല്ലേ? ഹേമ,ചെന്നില്ലെങ്കിൽ കുട്ടികളുടെ കാര്യം മാത്രമല്ല ,അവരുടെ കച്ചവടവും അവതാളത്തിലാകും,,
അയാൾ ,കട്ടിലിൽ തനിച്ച് കിടക്കുകയായിരുന്ന ചാരുവിൻ്റെ അടുത്ത് വന്നിരുന്ന് മെല്ലെ ചോദിച്ചു.
പൊയ്ക്കോളു അച്ഛാ ,, ഹേമേച്ചിയേയും കുട്ടികളെയും വെറുതെ ബുദ്ധിമുട്ടിക്കേണ്ട ,
ഇനിയെപ്പോഴാണച്ഛാ ,, നിങ്ങളിങ്ങോട്ട് വരുന്നത് ?
പഴയത് പോലെ എനിക്കിനി അങ്ങോട്ട് വരാൻ കഴിയില്ലല്ലോ?
എനിക്കിനി പിണങ്ങാനും വഴക്ക് കൂടാനും
ഇവിടിനിയാരുമില്ലല്ലൊ ?
എന്നാലും എന്നെ തനിച്ചാക്കി പോയ്ക്കളഞ്ഞല്ലോ അച്ഛാ,,,,,
ഒരു നിലവിളിയോടെ തൻ്റെ നെഞ്ചിലേയ്ക്ക് വീണ മകളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ആ വൃദ്ധൻ മരവിച്ച് നിന്ന് പോയി.
തുടരും