അടുക്കളയൊതുക്കി, വാതിലുകളും ജനലുകളുമെല്ലാം അടച്ച് മുറിയിലേക്ക് പോകുമ്പോൾ ആതിര അവളുടെ ബെഡിൽ കണ്ണുകളടച്ചു കിടപ്പുണ്ടായിരുന്നു.

രചന – സിന്ധു അപ്പുക്കുട്ടൻ

   

പ്രണയവർണ്ണങ്ങൾ (3)
“ഞാൻ സംസാരിക്കാം അച്ഛനോട്.വെറുതെയങ്ങു സംസാരിക്കാം എന്നല്ല പറഞ്ഞു സമ്മതിപ്പിക്കാം. പോരേ.
അരുൺ ആതിരയെ നോക്കി ചിരിച്ചു.
അവളുടെ മുഖം മ്ലാനമായിരുന്നു.
“അച്ഛൻ സമ്മതിക്കുമെന്ന് എനിക്കും ഉറപ്പുണ്ട്. പക്ഷേ…

അവൾ ആലോചനയോടെ പാതിയിൽ നിർത്തി.
വടക്കുംനാഥനെ തൊഴുതിറങ്ങി തേക്കിൻകാട് മൈതാനിയിലെ സിമന്റുബെഞ്ചിൽ അരുണിനൊപ്പമിരിക്കുകയായിരുന്നു ആതിര.
രണ്ടു ദിവസംമുൻപാണ് അരുണിന്റെ അച്ഛനുമമ്മയും ആതിരയെക്കാണാൻ വന്നത്.
ആതിരക്ക് അമ്മയെ വല്ലാതെ ഇഷ്ടപ്പെട്ടു. അമ്മക്ക് അവളെയും. ഇറങ്ങാൻ നേരം അവരവളെ ചേർത്ത് പിടിച്ച് നിറുകയിൽ ചുംബിച്ചു.”അമ്മ പോയി വരാമെന്ന് മൃദുവായി മന്ത്രിച്ചു.

കൃഷ്ണനുണ്ണിക്കത്കണ്ട് കണ്ണും മനസ്സും നിറഞ്ഞു.
രണ്ടു വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട തന്റെ മോൾക്ക് സ്നേഹമയിയായ ഒരമ്മയെ കിട്ടിയിരിക്കുന്നു. ഇനിയൊരിക്കലും അവൾ അമ്മയെയോർത്തു കരയില്ല.
അരുണിന്റെ അച്ഛനും സൗമ്യനായ ഒരു മനുഷ്യനായിരുന്നു.അയാൾ കൃഷ്ണനുണ്ണിയോട് ചിരകാല സുഹൃത്തിനോടെന്നപോലെ തമാശകൾ പറയുകയും തോളിൽ കയ്യിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു.

ആതിരയിലും ആ കാഴ്ച സന്തോഷമുളവാക്കി.
അവർ വന്നു പോയതിനു ശേഷം കൃഷ്ണനുണ്ണിതന്നെയാണ് ആതിരയുടെ ആവശ്യം അരുണിനെ വിളിച്ചറിയിച്ചതും, കൂടിക്കാഴ്ച്ക്കുള്ള ദിവസം തീരുമാനിച്ചതും.
“സീ ആതിര, നെക്സ്റ്റ് വീക്ക്‌ നമുക്കൊന്നിച്ചു പോകാം കവിതാന്റിയെ കാണാൻ. താൻ വെറുതെ ടെൻഷനാകാതിരിക്ക്. എന്തിനും ഞാനുണ്ട് കൂടെ. പ്രോമിസ്. എനിക്ക് തന്നെ അത്രക്കും ഇഷ്ടാ..

അവൾക്കതുകേട്ട് കരച്ചിൽ വന്നു. വിഷ്ണുവും ഇങ്ങനെയായിരുന്നു.
“എന്തുപറ്റി.. ഇഷ്ടമാണെന്ന് പറഞ്ഞു കേട്ടാൽ കരയുവാണോ ചെയ്യുക.
അരുൺ ചിരിയോടെ അവളുടെ തോളിൽക്കൂടി കയ്യിട്ടു.
“വിഷ്ണുവിനെ മറക്കാൻ കുറച്ചു കൂടി സമയം എനിക്ക് തരണം.

“എത്ര സമയം വേണമെങ്കിലും എടുത്തോ. പക്ഷേ എനിക്കൊപ്പം ചേർന്നു കഴിഞ്ഞാൽപ്പിന്നെ ആതു എന്നെ മാത്രേ സ്നേഹിക്കാവൂ. ആ മനസ്സിൽ ഞാൻ മാത്രേ ഉണ്ടാകാൻ പാടുള്ളു. ഇതെന്റെ റിക്വസ്റ്റ്.
“മരിച്ചുപോയ ഒരാളെ ഓർത്ത് ജീവിച്ചിരിക്കുന്ന കുറെപേരെ സങ്കടപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ലട്ടോ.നമ്മെ സ്നേഹിക്കുന്ന മനസ്സുകളെ ചേർത്തു പിടിച്ച് ലൈഫങ്ങട് എൻജോയ് ചെയ്യുക.മരണം എന്നത് നിഴൽ പോലെ നമ്മുടെയൊക്കെ കൂടെത്തന്നെയുണ്ട്. അതോണ്ട് ജീവിച്ചിരിക്കുന്ന കാലം അടിച്ചു പൊളിച്ചു ജീവിക്കുക. അതാ എന്റെ പോളിസി.

ഇനിയങ്ങോട്ട് തന്റെയും പോളിസി അത് തന്നെയാകട്ടെ. എന്താ.. റെഡിയല്ലേ..?
“ഉം… ആതിര ചിരിക്കാൻ ശ്രമിച്ചു.
**********************************
“നാളെ അമ്മയും,പ്രഭയും, സുമിതയും കൂടി ഇങ്ങോട്ടു വരുന്നുണ്ടത്രേ.

“എന്തിനാ ?
“അമ്മക്ക് വടക്കുംനാഥനെ തൊഴണം. പിന്നെ ഇവിടുന്ന് അരുണിന്റെ വീട്ടിലേക്കൊന്ന് പോയി വരേണ്ട ചടങ്ങുണ്ടല്ലോ അതും കൂടി തീർത്തു വെച്ചേക്കാം.
“ഉം…
ചപ്പാത്തി പരത്തിക്കൊണ്ടു നിന്ന ആതിര വെറുതെ മൂളി.
എന്താ ആതൂ.. നിനക്ക് ഒരു സന്തോഷമില്ലാത്തെ. നിനക്കിനിയും അരുണിനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലേ.നിനക്ക് ഇഷ്ടമില്ലാത്ത ഒന്നിനും അച്ഛൻ നിർബന്ധിക്കില്ലന്ന് നൂറുവട്ടം പറഞ്ഞതല്ലേ.ഫൈനൽ ഡിസിഷൻ നിന്റെത് തന്നെയാണ്.

“ഒന്ന് മിണ്ടാതിരി കുരിപ്പേ…നാളെ അരുൺ ഒരു ഫിലിമിന് വിളിച്ചിട്ടുണ്ട്. ദിലീപേട്ടനെ കാണണോ, ലാലേട്ടനെ കാണണോ എന്ന കൺഫ്യൂഷനിലാ.. അതിനിടക്ക് സെന്റിയടിച്ച് വന്നാലുണ്ടല്ലോ, തലക്കൊരു കൊട്ട് തരും ഞാൻ.
അവൾ ചപ്പാത്തിക്കോല് അയാളുടെ നേരെയോങ്ങി.
“നീയെന്തുവാടീ വിളിച്ചേ കുരിപ്പേന്നോ…
പെട്ടന്നുള്ള അവളുടെ ഭാവമാറ്റം കണ്ട് ചിരി വന്നെങ്കിലും,കൃഷ്ണനുണ്ണി കപട ദേഷ്യത്തോടെ അവൾക്ക് നേരെ കയ്യോങ്ങി.

“ഹും.. അച്ഛനെ ബഹുമാനമില്ലാത്ത അലവലാതി. ആ ചെറുക്കന്റെ കഷ്ടകാലം തുടങ്ങിയിട്ടുണ്ട്. വെറുതെയല്ല അവൻ വഴിയേ പോയ വയ്യാവേലിയെ, എനിക്കിഷ്ടാ കെട്ടിച്ചു തരോ എന്നും ചോദിച്ച് ഇറങ്ങി പുറപ്പെട്ടെക്കുന്നെ.”
അവളത് കേൾക്കാത്തഭാവത്തിൽ രണ്ടു ചപ്പാത്തിയെടുത്തു പ്ലേറ്റിലേക്കിട്ട് ഡൈനിങ് റൂമിലേക്ക്‌ നടന്നു.

ആതിരയിൽ നിന്നും താൻ ഉദ്ദേശിച്ച പ്രതികരണമൊന്നുമില്ലെന്നു കണ്ട് അയാൾ ഒരു നിമിഷം നിശ്ചലനായി. പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്ന് അവളുടെ ഉള്ളിൽ കിടന്നു നീറുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
ഉള്ളിലെ വേവ് ഒളിപ്പിച്ചുകൊണ്ട് ഇനിയും അഭിനയിക്കാൻ കഴിയില്ലച്ചാ എന്ന് അയാളറിയാതെ തേങ്ങിക്കൊണ്ട് കൊണ്ട് തന്നെയാണ് ആതിരയും അയാളെ ഗൗനിക്കാതെ തിരിഞ്ഞു നടന്നത്.

********************************
“ആതൂട്ട്യേ…ഇത്ര പെട്ടന്ന് ഉറക്കം പിടിച്ചോ
അടുക്കളയൊതുക്കി, വാതിലുകളും ജനലുകളുമെല്ലാം അടച്ച് മുറിയിലേക്ക് പോകുമ്പോൾ ആതിര അവളുടെ ബെഡിൽ കണ്ണുകളടച്ചു കിടപ്പുണ്ടായിരുന്നു.
അയാൾ അടുത്തു ചെന്ന് കവിളിൽ തൊട്ടെങ്കിലും അവൾ കണ്ണ് തുറന്നില്ല.
അയാൾ ഒരു നിമിഷം കൂടി അവളെ നോക്കി നിന്നിട്ട് പുറത്തിറങ്ങി വാതിൽ ചാരി.

ലൈറ്റുകളെല്ലാം ഓഫ്‌ ചെയ്ത് അച്ഛനും ഉറങ്ങാൻ കിടന്നു എന്നറിഞ്ഞ ആതിര മെല്ലെ കണ്ണ് തുറന്നു. ബെഡിലിരുന്ന ഫോൺ കയ്യിലെടുത്തു.
വാട്ട്സാപ്പിൽ അരുണിന്റെ കുറെ മെസ്സേജുകൾ വന്നു കിടപ്പുണ്ട്. അവളതെല്ലാം വെറുതെ വായിച്ചു നോക്കി. പിന്നെ ഗാലറി തുറന്ന് ക്യാമറ ഫോട്ടോസിലൂടെ വിരലുകളോടിച്ചു.
ബൈക്കിൽ ചാരി സ്ഥലകാലബോധം പോലുമില്ലാതെ പൊട്ടിച്ചിരിക്കുന്നൊരു പോസിൽ വിഷ്ണു.
എല്ലാം ഡിലീറ്റ് ചെയ്തിട്ടും അതുമാത്രവൾ കളഞ്ഞിരുന്നില്ല.
പതിയെ അവളുടെ വിരലുകൾ ഡിലീറ്റ് ബട്ടന് നേർക്ക് നീങ്ങി.

കുതിച്ചു ചാടുന്ന കണ്ണുനീർ കാഴ്ച മറച്ചെങ്കിലും, അവന്റെ ചിരിയലകൾ കാതങ്ങൾക്കപ്പുറത്തെവിടെയോ നിന്ന് അവളുടെ കാതുകളിലേക്ക് ഓടിക്കയറി
“എടി മാങ്ങാണ്ടി മോറി നിനക്കെന്തുട്ട് തേങ്ങയറിയാം എന്റെ വണ്ടിയെപ്പറ്റി.ഈ ബുള്ളറ്റ്ന്ന് പറയുന്നത് വെറുമൊരു പേര് മാത്രമല്ലെടി. അതൊരു വികാരമാണ് എന്നെപ്പോലുള്ള ആമ്പിള്ളേർക്ക്.
ഇതൊക്കെ ഓടിക്കുമ്പോ കിട്ടുന്ന ഒരു പേർസണാലിറ്റി ഒന്ന് വേറെ തന്നെയാടി. ഒരു രാജാവിന്റെ ഗമയാ.
“നീ പോടാ ശവി… മാങ്ങാണ്ടി മോറി നിന്റെ മറ്റവള്. എനിക്കിതിന്റെ ഒച്ച കേക്കുമ്പോ തല വേദനിക്കുന്നു. നെഞ്ചിനകത്തു ഏതാണ്ട് വെച്ച് ഇടിക്കണ പോലെയാ.
“ഹഹഹ…

അവന്റെ പരിഹാസച്ചിരിയിൽ ആതിരയുടെ കണ്ണ് നിറഞ്ഞു.
“ന്റെ ആതൂട്ട്യേ, കരയണ്ടട്ടാ. ഇനി നിന്നെ കാണാൻ വരുമ്പോൾ ഇവന്റെ പുറത്ത് കേറി വരുന്നില്ല. പോരേ.ഇത് വിറ്റ് കളയാൻ മാത്രം പറയല്ലേട്ടാ. നിന്നെപ്പോലെ എന്റെ പ്രാണനാടീ ഇവനും.
നീയും ഇവനും എന്നും എന്റെ കൂടെ വേണം. അതാ എന്റെ ഏറ്റവും വലിയ ആഗ്രഹം.

എന്നിട്ടും….എന്നിട്ടും…..എന്നെ കൂട്ടാതെ പോയി അല്ലെ… അവനെ മാത്രം കൂടെ കൊണ്ടുപോയി അല്ലേ…
ആതിര മുന്നിലെ ഇരുളിലേക്കു നോക്കി ഏങ്ങിയേങ്ങി കരഞ്ഞു
ജനൽപ്പാളികൾക്കപ്പുറം, ഇരുളിന് പുടവ തുന്നിക്കൊണ്ടിരുന്ന നിലാവ് അവളെയൊന്നെത്തി നോക്കി. പിന്നെ തണുത്ത വിരൽ കൊണ്ട് മെല്ലെയൊന്നു തഴുകി . കവിളിലൂടെ ഒഴുകിയിറങ്ങുന്ന നീർതുള്ളികളിൽ ഉമ്മവെച്ചു.
തുടരും…

Leave a Reply

Your email address will not be published. Required fields are marked *