അവൻ തന്നോട് ഒന്നുകൂടി ചേരുന്നതും കഴുത്തിടുക്കിൽ ആ ചുണ്ടുകളുടെ ചൂട് പടരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു…

രചന – ദിവ്യ കശ്യപ്

   

“കേസ് തോൽക്കും പപ്പാ.. അതുറപ്പാണ്… നമ്മൾ പോലും വിചാരിക്കാത്ത ഒന്നാണ് സംഭവിച്ചത് പപ്പായൊക്കെ പറഞ്ഞിരുന്നതു പോലെ അവളുടെ അച്ഛൻ തങ്കരാജല്ലാത്തത്തോട് കൂടി ഉള്ള പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടു.. അവർ സമർപ്പിച്ച രേഖകൾ ഒക്കെ എങ്ങനെയെങ്കിലും കള്ളത്തരം ആണെന്ന് തെളിയിച്ചാൽ തന്നെ ഡിഎൻഎ ടെസ്റ്റിൽ നമ്മൾ പൊളിഞ്ഞില്ലേ… ഫ്രെഡിയും എൽദോയുമായി ഞാൻ സംസാരിച്ചിരുന്നു..

അവളുടെ ഒരു വലിയച്ഛൻ ആണ് അവളെ ഇക്കാലമത്രയും സംരക്ഷിച്ചു പോന്നത്… അയാളുടെ ഒരാളുടെ മൊഴി മതി ജോസഫ് തന്നെയാണ് അവളുടെ അപ്പൻ എന്ന് കോടതി ഉറപ്പിക്കാൻ… കാരണം എവിടെ തിരക്കിയാലും തരുണിയുടെ സംരക്ഷകൻ ചെന്താമര തന്നെയാണന്നല്ലെ എല്ലാവരും പറയു… അപ്പോൾ അയാളുടെ വാക്കിനെ വിലയുണ്ടാകു… കോടതി ആ വാക്ക് മാനിക്കുകയും ചെയ്യും…കൂട്ടത്തിൽ ഡിഎൻഎ ടെസ്റ്റ് കൂടിയാകുമ്പോൾ എല്ലാം തികയും….”

ക്രിസ്റ്റിക്ക് ആകെ ഭ്രാന്ത് പിടിച്ചിട്ട് വയ്യായിരുന്നു ഇരുന്നിട്ട് ഇരിക്കപ്പൊറുതി ഇല്ലാതെ പപ്പായോട് സംസാരിക്കുകയായിരുന്നു അവൻ..
ആൻറണിക്ക് പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ലായിരുന്നു.. അയാൾ സത്യത്തിൽ ഒരു ഷോക്കിൽ ആയിരുന്നു..ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരു കൂട്ടുകാരനായിരുന്നു ജോസഫ്.. ഇടയ്ക്ക് എപ്പോഴോ തങ്ങളുടെ ഇടയിൽ നിന്നും വിട്ടുപോയതാണ്..

എങ്കിൽ പോലും സാറാ പോയപ്പോൾ വിഷമിച്ചിരുന്ന തങ്ങളുടെ കൂടെ നിന്ന് തങ്ങളെ ആശ്വസിപ്പിച്ചവനാണ് ഇപ്പോൾ സാറയുടെ ഭർത്താവായിരുന്നു എന്ന് പറഞ്ഞു വന്നിരിക്കുന്നത്…. വലിയ ചതിയാണ് ജോസഫ് തങ്ങളോട് ചെയ്തത് അന്നും ഇന്നും…

“പപ്പ.. എന്തിന്റെ പേരിലാണെങ്കിലും ഈ സ്വത്തൊന്നും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല… കണ്ണായ സ്ഥലത്തുള്ള ഏക്കർ കണക്കിന് എസ്റ്റേറ്റുകളാണ് പോയി കിട്ടുന്നത്… ആരെ കൊന്നിട്ടാണെങ്കിലും ജയിലിൽ പോയിട്ടാണെങ്കിലും ഞാനതൊക്കെ കാത്തുസൂക്ഷിക്കും ഉറപ്പ്…”

“നീ ഒന്ന് അടങ്ങി നില്ക്കു..ക്രിസ്റ്റി.. നമുക്ക് വേണ്ടതുപോലെ ചിന്തിച്ച് ചെയ്യാം മനസ്സിലാക്കിയിടത്തോളം അവന്മാര് ബുദ്ധികൊണ്ട് മാത്രം കളിക്കുന്നവരാണ്… അതുപോലെ ബുദ്ധികൊണ്ട് കളിച്ചാലേ എന്തെങ്കിലും നേടാൻ പറ്റുള്ളൂ.. കോടതി കേസ് എന്താകുമെന്ന് അടുത്ത സിറ്റിങ്ങിന് അല്ലേ അറിയാൻ പറ്റൂ.. നമുക്ക് നോക്കാം…”

തൽക്കാലത്തേക്ക് ക്രിസ്റ്റി ഒന്ന് അടങ്ങി…
💜💜💜
കൂടുതൽ തെളിവുകളൊന്നും കോടതിക്ക് ആവശ്യമില്ലായിരുന്നു.. മാപ്പിള സമർപ്പിച്ച രേഖകളിലെ തെളിവ് മാത്രം മതിയായിരുന്നു… അതിനെ മറികടക്കാൻ എതിർഭാഗം വക്കീലിന്
കഴിഞ്ഞും ഇല്ല..

സാറയുടെ അപ്പൻ സാറയ്ക്ക് വേണ്ടി എഴുതി വച്ചിരിക്കുന്ന എല്ലാ സ്വത്ത് വകകളും ഉടനെ തന്നെ സാറയുടെ പേരിലേക്ക് ആക്കുവാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് കോടതി വിധിച്ചു… സാറ ജീവിച്ചിരിപ്പില്ലാത്ത പക്ഷം അത് മകളായ തരുണിയുടെ പേർക്ക് ആക്കുവാനുള്ള നടപടിക്രമങ്ങൾ ചെയ്യേണ്ടതാണെന്ന് കോടതി വിധിയുണ്ടായി…
വിധിയുടെ പകർപ്പ് ഉടനെ തന്നെ കക്ഷികളുടെ പേരിൽ നിയമപരമായി എത്തിച്ചേരുമെന്നും ഈ കേസ് ഇവിടെ പര്യവസാനിക്കുകയാണെന്നും പറഞ്ഞുകൊണ്ട് കോടതി പിരിഞ്ഞു….

ചാടിത്തുള്ളി പുറത്തേക്കിറങ്ങിയ അപ്പനെയും മക്കളെയും കാത്ത് ജോസഫും മേരിയും പുറത്തു നിൽപ്പുണ്ടായിരുന്നു…
മാപ്പിള ഓടിച്ചെന്ന് ജോസഫിനെ കെട്ടിപ്പിടിച്ചു… ചാർലിയും പോളച്ചനും ചേർത്തുപിടിച്ചത് മേരിയയാണ്…
“ആൻറി ആൻറിയാണ് ഇതിൻറെ ആണിക്കല്ല്.. ഡിഎൻഎ ടെസ്റ്റിന് കോടതി ഉത്തരവിട്ടില്ലെങ്കിൽ പോലും ജോസഫ് അങ്കിൾ അങ്ങനെ വന്ന് ഒരു മൊഴി തന്നത് നമ്മുടെ ഭാഗത്ത് ഒരു വലിയ ബലമായിരുന്നു… അപമാനം ഭയന്ന് ഓടി ഒളിക്കാൻ ഇരുന്ന ജോസഫ് അങ്കിളിനെ ആ അപമാനം മാറ്റി നിർത്തി ഇത്രയും.

ധൈര്യവാനാക്കിയത്…അതിന് പ്രാപ്തനാക്കിയത്… ആൻറിയാണ്… അങ്കിളിന്റെ പൂർവ്വ ബന്ധം അറിഞ് ആൻറി കരഞ്ഞു ചീത്ത പറഞ്ഞു മാറി നിന്നിരുന്നെങ്കിൽ ഈ കാര്യം ഒരിക്കലും മുന്നോട്ടു പോകില്ലായിരുന്നു.. തന്നെയുമല്ല എല്ലാവരും തമ്മിലുള്ള ഒരു ബന്ധമൊക്കെ വിട്ടു പോയേനെ…ലിൻ്റ പോലും ചിലപ്പോൾ മിണ്ടാതെ നടന്നേനെ… അന്ന് ആൻറി അങ്ങനെയൊരു തീരുമാനമെടുത്തത് കൊണ്ട് ഇന്നിപ്പോൾ എല്ലാവരും ഹാപ്പി അല്ലേ…”
മേരിയുടെ കണ്ണ് നിറഞ്ഞു പോളച്ചന്റെ വാക്കുകൾ കേട്ടപ്പോൾ…

“മമ്മി താങ്ക്സ് എ ലോട്ട്…”ചാർലി മേരിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….
മാപ്പിളയോടും ആൺമക്കളോടും യാത്ര പറഞ്ഞു ജോസഫും മേരിയും പുറത്തേക്കിറങ്ങി…
കാർ പാർക്ക് ചെയ്തിരുന്നിടത്ത് നിന്നും കാറെടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞ് പോയ ചാർളിയുടെ പുറകെ മാപ്പിളയും പോയി…

കോടതി വരാന്തയിൽ നിന്ന പോളച്ചനെ കടന്നുപോയ ആൾക്കാരുടെ കൂട്ടത്തിൽ നിന്ന് ഒരുവൻ പോളച്ചന്റെ തോളിനിട്ട് ശക്തമായ ഒരിടി നൽകി കടന്നുപോയി…
“എൻ്റിശോമിശിഹായെ…ലവൻ ഇതെവിടെ നോക്കിയാണോ പോയത്…”??
പോളച്ചൻ തോൾ തിരുമ്മിക്കൊണ്ട് ഇടിച്ചവൻ പോയവഴിയെ നോക്കി നിന്നു…. അപ്പോഴാണ് അവൻ പതിയെ തിരിഞ്ഞ് പോളച്ചനെ നോക്കി ചൂണ്ടുവിരൽ കൊണ്ടൊന്ന് ചൂണ്ടി പോളച്ചന്റെ മുഖത്തിന് ഒരു വൃത്തം വരച്ചിട്ട് പോയത്…

“അത് ലവൻ അല്ലായിരുന്നോ..ക്രിസ്റ്റി…”പോളച്ചൻ ആത്മഗതം എന്നവണ്ണം പറഞ്ഞു.. അതുകഴിഞ്ഞ് “ആ എന്തേലും ആവട്ടെ “എന്ന് സ്വയം പറഞ്ഞു കൊണ്ട് അവൻ വരാന്തയിൽ നിന്ന് താഴോട്ടിറങ്ങി കാറുമായി വന്ന ചാർലിയുടെ കൂടെ കയറിയിരുന്നു…
എന്നാൽ പോളച്ചൻ കണ്ടില്ല… കോടതി വരാന്തയിൽ നിന്ന് പോളച്ചനും ചാർലിയും മാപ്പിളയും കൂടി പോകുന്ന കാറിനെ സ്കെച്ച് ചെയ്യുന്ന ക്രിസ്റ്റഫർ ആന്റണിയെ…!!!!

#######################
കോടതി വിധിയുടെ പകർപ്പുകൾ കിട്ടി… കോടതിവിധി പ്രകാരം സാറായുടെ അപ്പൻ സാറയ്ക്ക് വേണ്ടി എഴുതിവെച്ച സ്വത്ത് വകകൾ ഏക മകളായ തരുണിയുടെ പേർക്ക് എഴുതുവാനുള്ള നടപടികൾ സ്ഥലം വില്ലേജ് ഓഫീസ് വഴി പോളച്ചൻ നടത്തുകയുണ്ടായി…
അതിൻറെ കാര്യങ്ങൾക്കെല്ലാം വേണ്ടി ഓടിനടക്കുകയാണ് പോളച്ചൻ… പല കാര്യങ്ങൾക്കായി നെന്മാറയിലും നെല്ലിയാമ്പതിയിലുമായി മാറിമാറി ഓടിക്കൊണ്ടിരിക്കുകയാണ് അവൻ..
ഓഫീസിലെ നടപടിക്രമങ്ങൾക്കായി ഏകദേശം രണ്ടാഴ്ചയോളം പിടിക്കുമെന്ന് അവിടെനിന്ന് അറിയിക്കുകയുണ്ടായി… അതുകൊണ്ട് ഇപ്പോൾ രണ്ടു ദിവസമായി വിശ്രമത്തിലാണ് പോളച്ചൻ…

അന്ന് തരുണിയെ ജോസഫിന്റെ വീട്ടിലേക്ക് വിട്ടതിൽ പിന്നെ അവര് അവളെ തിരികെ വിട്ടില്ലായിരുന്നു… ഞങ്ങള് അവളെ ഇനി കെട്ടിച്ച് തന്നെ വിടുകയുള്ളൂ എന്നാണ് ജോസഫ് പറഞ്ഞിരിക്കുന്നത്… എത്രയും വേഗം ഡേറ്റ് ഫിക്സ് ചെയ്തുകൊള്ളാനാണ് പോളച്ചനോട് ജോസഫ് പറഞ്ഞത്… അതുകൊണ്ടു തന്നെ തമ്മിൽ കണ്ടിട്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായി.. എന്നും വൈകുവോളം ഫോൺ വിളിക്കാറുണ്ട് എന്നാൽ പോലും ഇപ്പോൾ കോടതിവിധി വന്നു കഴിഞ്ഞു ആ കാര്യത്തിന്റെ പുറകെ നടക്കുന്നതിനാൽ വിളിക്കാനും സമയം കിട്ടുന്നില്ല…
“അപ്പാ… ജോസഫ് അങ്കിളിനെ വിളിച്ച് അവളെ ഒന്ന് എൻ്റെ കൂടെ പുറത്തുവിടുമോ എന്ന് ചോദിച്ചെ….”പോളച്ചൻ ഹാളിലേ സെറ്റിയിലിരുന്ന് വാർത്ത കാണുകയായിരുന്ന മാപ്പിളയോട് അതിൻറെ ഇപ്പുറത്തെ സെറ്റിയിൽ കിടന്നു കൊണ്ട് പറഞ്ഞു…
“അതെന്നാത്തിനാ ഇപ്പൊ പുറത്തു പോകുന്നത്…”??

“പിന്നല്ലാതെ എത്ര ദിവസമായി അവളെ അവിടെ കൊണ്ട് നിർത്തിയിട്ട്…”
“എന്നും പറഞ്ഞ്..”?? മാപ്പിള മൂക്കിൻ തുമ്പത്തിരുന്ന കണ്ണടയ്ക്കിടയിലൂടെ പോളച്ചനെ നോക്കി…
“ശെടാ… അവളെ ഈ കെളവന്മാർക്കൊക്കെ പരിചയപ്പെടുത്തിയത് ഞാനാണ്.. എന്നിട്ടിപ്പോ അപ്പന്മാർ ചമഞ് രണ്ടും കൂടി എന്നെയും അവളെയും ഒന്നിനും സമ്മതിക്കത്തില്ല…”പോളച്ചന് കലി കയറി..
“അതൊക്കെയെ കെട്ട് കഴിഞ്ഞ് മതി… അല്ലാതെ ഇപ്പോൾ രണ്ടും കൂടി പുറത്തുപോയി സുഖിക്കേണ്ട… അല്ലെങ്കിൽ പിന്നെ ഞാനും അമ്മച്ചിയും കൂടി കൂടെ വരാം.. അല്ലിയോടി സോഫി…”മാപ്പിള അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചുകൊണ്ട് കുലുങ്ങി ചിരിച്ചു..
“അതിലും ഭേദം അവളെ വിളിക്കാൻ പോകാതെ ഞാൻ വല്ല കിണറ്റിലും ചാടുന്നതല്ലേ…”? പോളച്ചൻ മാപ്പിളയോട് മറുചോദ്യം ചോദിച്ചു…

മാപ്പിള അതിന് മറുപടിയൊന്നും പറഞ്ഞില്ല…
ഒന്നും മിണ്ടാതെ മുഖം വലിച്ചു കയറ്റി പോളച്ചൻ അവിടെ കിടന്ന ചെറിയ കുഷ്യൻ എടുത്ത് മുഖത്തിന് മേലെ വെച്ച് കിടന്നു…
അവനെ നോക്കി ചിരിച്ചുകൊണ്ട് മാപ്പിള ജോസഫിന്റെ നമ്പർ ഡയൽ ചെയ്തു…
പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പോളച്ചന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി…
ആരാണെന്ന് നോക്കാതെ തന്നെ അവൻ ഫോണെടുത്ത് ചെവിയിലേക്ക് വെച്ചു…
തരുണിയുടെ ശബ്ദമാണ് അതിലൂടെ അവൻ കേട്ടത്…
“ഒരുങ്ങി നിൽക്കാൻ പപ്പയോട് വിളിച്ച് പറഞ്ഞിട്ട് എന്താണ് വരാത്തത്…”?
“ങ്ങേ…” പോളച്ചന്റെ കണ്ണ് തള്ളി
അവൻ പതുക്കെ കുഷ്യൻ മാറ്റി കണ്ണു ചെറുക്കി അപ്പനെ നോക്കി…

ഒന്നുമറിയാത്ത ഭാവത്തിലിരുന്ന് ന്യൂസ് കാണുകയാണ് വില്ലൻ….
ചുണ്ടിൽ ഊറിയ ചിരി അങ്ങനെ തന്നെ നിർത്തിക്കൊണ്ട് പോളച്ചൻ അവിടുന്ന് ചാടി എഴുന്നേറ്റു മാപ്പിളക്ക് ഒരു ഉമ്മയും കൊടുത്തു ഡ്രസ്സ് മാറി വേഗം പുറത്തേക്ക് പോയി…
ജോസഫിന്റെ വീടിൻറെ മുന്നിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു പപ്പയും മമ്മിയും മോളും കൂടി ഗേറ്റിൽ തന്നെ നിൽപ്പുണ്ട്…
കാർ കൊണ്ട് ചെന്ന് അടുത്ത് നിർത്തിയപ്പോൾ തന്നെ മേരി ഡോർ തുറന്നു അവളെ അകത്തേക്ക് കയറ്റി ഇരുത്തിചൂ…
“സന്ധ്യയാകുന്നതിനു മുമ്പ് തന്നെ ഇങ്ങ് പോന്നേക്കണം കേട്ടോ രണ്ടുപേരും…”
പോളച്ചൻ ചിരിച്ചുകൊണ്ട് തലയാട്ടി…

കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു പോളച്ചൻ തല ചെരിച്ച് തരുണിയെ നോക്കി
“എന്താടി പെണ്ണേ… എത്ര ദിവസമായി കണ്ടിട്ട്…”അവനവളുടെ കവിളിൽ നോണ്ടി…
“നമ്മളെ ഒന്നും ഇപ്പോൾ വേണ്ടല്ലോ…”തരുണീ അവനെ ഏറു കണ്ണിട്ടു നോക്കിക്കൊണ്ട് പറഞ്ഞു…
“ഓഹോ അങ്ങനെയാണോ.. പിന്നെ ആരെയാണാവോ എനിക്ക് വേണ്ടത്….”??
“ആ… ആർക്കറിയാം… എല്ലാദിവസവും യുഎസിൽ നിന്ന് ഒരു മദാമ്മകുട്ടി ഫോൺ ചെയ്യുന്നുണ്ടെന്ന് ലിൻ്റ പറഞ്ഞ് ഞാൻ അറിഞ്ഞു….”തരുണി അവനെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു..

“എൻ്റമ്മച്ചിയെ ആ കുരിപ്പ് അത് നിൻറെ ചെവിയിൽ എത്തിച്ചോ…”??
“സത്യം എപ്പോഴായാലും പുറത്തു വരുമല്ലോ എത്ര മൂടി വെച്ചാലും….”അതും പറഞ്ഞു തരുണി മുന്നോട്ട് നോക്കി കൈയും കെട്ടിയിരുന്നൂ…
“എടി അതിനത് ഒന്നുമില്ല.. ആ മദാമ്മ കൊച്ചിന് എന്നോട് ഒരു ക്രഷ് അത്രയേ ഉള്ളൂ.. നമ്മുടെ അവിടുത്തെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു ജൂനിയർ സ്റ്റാഫ് ആണ്… അതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഡൗട്ട് ചോദിക്കാൻ എന്നും പറഞ്ഞ് വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കും അത്രയേ ഉള്ളൂ…”
“ഓഹോ അപ്പൊ വീഡിയോ കോളും ഉണ്ട്… ബാക്കിയുള്ളവരെ വിളിക്കാൻ പോലും നേരം ഇല്ല… കണ്ട മദാമ്മമാരും ആയിട്ടോക്കെ വീഡിയോ കോൾ

ചെയ്യാം..അല്ലേ…”
“എടി പെണ്ണേ ദേ വെറുതെ എൻ്റെ ക്ഷമയെ പരീക്ഷിക്കരുത് കേട്ടോ…”പോളച്ചൻ കപട ഗൗരവം നടിച്ചു…
“എന്നോട് എന്ത് വേണമെങ്കിലും ആവാല്ലോ ഞാൻ ആരുമില്ലാത്ത ഒരു പെണ്ണല്ലേ…”തരുണി വീണ്ടും അവനെ ഏറു കണ്ണിട്ടു നോക്കിക്കൊണ്ട് ചിരി അടക്കിപ്പിടിച്ച് പറഞ്ഞു…
പോളച്ചൻ അവളെ രൂക്ഷമായി നോക്കി… കാറിൻറെ സ്പീഡ് കൂടിയത് പെട്ടെന്നാണ്…
“പതുക്കെ പതുക്കെ… പതുക്കെ മതി…”തരുണി അവൻറെ കൈയിൽ കയറി പിടിച്ചു…

“അങ്ങനെ ഇപ്പോൾ പതുക്കെ ആക്കുന്നില്ല… ആരുമില്ലാത്ത പെണ്ണല്ലേ നീ… ആരുമില്ലാത്ത പെണ്ണിനെ കൊന്നുകളഞ്ഞാൽ ആരും ചോദിക്കാൻ ഇല്ലല്ലോ… ഈ കാർ ഞാൻ കൊക്കയിലേക്ക് മറിക്കാൻ പോകുവാ.. കൂട്ടത്തിൽ ഞാനും ചാകും…”
“ങ… എന്നാൽ മറിക്ക്… ഒന്നിച്ച് ചത്താലും കുഴപ്പമില്ല…അപ്പൊ പിന്നെ മദാമ്മയ്ക്ക് പോളച്ചനെ കിട്ടില്ലല്ലോ… എനിക്കത് മതി..”

അതുകേട്ട് പോളച്ചൻ അവളെ തല തിരിച്ചൊന്ന് നോക്കി…
വണ്ടി നെല്ലിയാമ്പതി മല കയറാൻ തുടങ്ങിയെന്ന് തരുണിക്ക് മനസ്സിലായി… തിരിഞ്ഞു നോക്കിയപ്പോൾ മഹാദേവന്റെ ക്ഷേത്രം കണ്ടു.. പെട്ടെന്ന് ഒന്ന് കണ്ണടച്ച് തൊഴുതു അവൾ…
അപ്പോഴേക്കും കാർ റോഡിൻറെ ഓരം ചേർന്ന് ഒരു വലിയ ആൽമരത്തിന് കീഴിൽ നിന്നിരുന്നു…

കാർ നിർത്തിയത് എന്താണെന്ന ഭാവത്തിൽ തരുണി തിരിഞ്ഞ് അവനെ നോക്കി…
“എന്താ പോളച്ചാ നിർത്തിയത്…”?
അവനവളെ ആകപ്പാടെ ഒന്ന് നോക്കി… എന്നിട്ട് ചോദിച്ചു…
“നീ എന്തുവാ എന്നെ വിളിച്ചത്..??
“ഒന്നുമില്ല…” തരുണി ചെറിയ ചിരിയോടെ ചുമൽ കൂചി കാണിച്ചു…
“പറയെടി…”പറഞ്ഞുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് മുഖമടുപ്പിച്ചു…

“ഇല്ല..”
“ഇചായാന്ന് വിളിക്കെടി…”ഇപ്പോൾ അവൻ്റെ ശ്വാസം അവളുടെ കവിളിൽ തട്ടി നിന്നു.. അത്രയും അടുത്തായിരുന്നു അവൻ…
ഇനിയും നീങ്ങാൻ സ്ഥലമില്ലാത്തതു കൊണ്ട് തരുണി തിങ്ങി ഞെരുങ്ങി കാറിൻറെ ഗ്ലാസ് ഡോറിനോട് ചേർന്നിരുന്നു…

അവൻ രണ്ടു കൈയും വിടർത്തി ആ കൈകൾക്കുള്ളിൽ അവളെ ലോക്കാക്കി കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി വീണ്ടും ആർദ്രമായ സ്വരത്തിൽ അവളോട് തന്റെ ചോദ്യമാവർത്തിച്ചു….
” ഇചായാന്ന് വിളിക്കില്ലെ നീ…..”?

ആ നോട്ടത്തിനു വല്ലാത്ത തീക്ഷ്ണത ആയിരുന്നു…അതിൻ്റെ അത്യഗാധതയിലേക്ക് അവൻ തന്നെ വലിച്ചെടുക്കുന്നത് പോലെ തോന്നി തരുണിക്ക്…
ആ നോട്ടത്തിന്റെ ആഴവും ശബ്ദത്തിലെ ആർദ്രതയും താങ്ങാനാവാതെ തരുണി തൻറെ കണ്ണുകൾ അടച്ചു…
അവൻ തന്നോട് ഒന്നുകൂടി ചേരുന്നതും കഴുത്തിടുക്കിൽ ആ ചുണ്ടുകളുടെ ചൂട് പടരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *