രചന – അയിഷ അക്ബർ
അതി സുന്ദരി…. പതിനഞ്ചാം ഭാഗം
ജാനകി വേഗം അവനിൽ നിന്നും മുഖം പറിച്ചെടുത്തു….
കാശിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
ഇത്രയേറെ തരം താഴാൻ ഒരാൾക്ക് കഴിയുന്നതിൽ അവനത്ഭുതം തോന്നി….
ഒപ്പം സൂര്യയോട് അടക്കാൻ കഴിയാത്തത്ര സഹതാപവും…..
അവന് സ്വയം വെറുപ്പ് തോന്നി….
താൻ കാരണമാണ് അവളിതെല്ലാം കേൾക്കേണ്ടി വന്നതെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ കുറ്റ ബോധം അവനെ വരിഞ്ഞു മുറുക്കി…..
അവളെ തനിക്ക് പ്രണയിക്കാൻ കഴിയുന്നില്ലെന്നത് സത്യം തന്നെ….. എന്നാൽ ആരുടെ മുമ്പിലും അപമാനിതയാകാൻ അവളെ ഇട്ട് കൊടുക്കാൻ തനിക്ക് കഴിയില്ല….
അവളുടേ നിസ്സഹായത ആസ്വദിക്കാൻ താനവളെ വെറുക്കുന്നില്ലല്ലോ…..
എങ്കിലും അവിടെ വെച്ച് അമ്മയോടൊരു വാക്ക് തർക്കത്തിന് അവന് കഴിയുമായിരുന്നില്ല….
അവരോളം തരം താഴാൻ തനിക്കാവില്ലല്ലോ…..
എങ്കിലും അവളുടേ ദയനീയ ഭാവം കാണുമ്പോൾ അവന് വല്ലാത്തൊരു സങ്കടം തോന്നി…..
അവൾ പതിയേ കയ്യിലെ സാരിയിൽ നിന്നും പിടി വിട്ടു….
അപ്പോഴേക്കും വീണ സന്തോഷത്തോടെ അതെടുത്തതും അതിലൊരു പിടുത്തം വീണതും ഒരുമിച്ചായിരുന്നു….
അവൾ അതിൽ പിടിച്ച ആളിലേക്ക് മുഖമുയർത്തി നോക്കി…..
കാശിയായിരുന്നത്…..
അവന്റെ മുഖത്ത് കണ്ട ഗൗരവം വീണയിലും ഒരുതരം ഭയം നിറച്ചത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് സാരിയിലെ പിടി വിട്ടു…..
സൂര്യ എന്തിനെന്ന അർത്ഥത്തിൽ കാശിയിലേക് നോക്കി….
ആ സാരി കയ്യിലെടുത്തു അവനവൾക്ക് നേരെ നിന്നൊന്നു പുഞ്ചിരിച്ചു….
ജാനകിയും വീണയും അവനെ തന്നെ വീക്ഷിക്കുകയായിരുന്നു…
തന്നെ കളിയാക്കിയാണ് അവൻ ചിരിക്കുന്നതെന്നോർത്ത് സൂര്യ അവന്റെ മുഖത്തേക്ക് നോക്കിയില്ല…
നിനക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ നീയാരെയാ പേടിക്കുന്നത്…
അവനത് ചോദിച്ചതും അവൾ ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി….
അവനിൽ നിന്നങ്ങനൊരു വാക്കവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല…..
അവളുടേ മിഴികൾ എന്തിനെന്നില്ലാതെ നിറഞ്ഞിരുന്നു…..
ജാനകി പ്രതീക്ഷിച്ചിരുന്നതായത് കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് നോക്കാതെ മുഖം കനപ്പിച്ചങ്ങനെ നിന്നു….
സൂര്യാ…..
എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ചു നമുക്കൊന്നും ചെയ്യാൻ കഴിയില്ല..
എല്ലാവരെയും തൃപ്തി പെടുത്തുക എന്നത് അസാധ്യമാണ്….
കാരണം ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളായിരിക്കും….
നമ്മൾ എപ്പോഴും പിന്തുടരേണ്ടത് നമ്മുടെ ഇഷ്ടത്തെയാണ് …
നിനക്ക് ഇഷ്ടമായെങ്കിൽ നീയിതുടുക്കുക തന്നെ വേണം…. അതിനു ആരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ട കാര്യം നിനക്കില്ല…..
അവനത് പറഞ്ഞ് ജാനാകിയെ കടുപ്പിച്ചൊന്നു നോക്കി…..
ജാനകി അവന്റെ മുഖത്തേക്ക് പോലും നോക്കാതെ തിരിഞ്ഞു നിന്നു……
സൂര്യ അത്ഭുതത്തോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
വീണ അവരെ നോക്കി നിൽക്കുമ്പോഴും ഉള്ളിൽ ദേഷ്യം തുളുമ്പി നിന്നിരുന്നു….
ഇത്..ഇത് പാക്ക് ചെയ്തോളു….
കാശിയതും പറഞ് ആ സാരി സെയിൽസ് ഗേളിന് നേരെ നീട്ടുമ്പോൾ ആ
പെൺകുട്ടിയുടെ മുഖത്തെ ചിരി കാശി പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..
അതിൽ തന്നോടൊരു ബഹുമാനം നിറഞ്ഞു നില്കുന്നുണ്ടോ….
ഏയ്…. അല്ലെങ്കിലും തന്നോട് ബഹുമാനം തോന്നേണ്ട കാര്യമെന്താണ്…..
കാശി അവിടെ നിന്നും പുറത്തേക്ക് നടന്നു….
പോക്കറ്റിൽ നിന്നും സിഗററ്റെടുത് രണ്ട് പുക വലിച്ച ശേഷം അവനത് വലിച്ചെറിഞ്ഞു…..
വീണ്ടും അകത്തേക്കവൻ കയറി വരുമ്പോൾ ജാനകിയിൽ നിന്നും വീണയിൽ നിന്നും അല്പം അകലെയായി ഒരു കസേരയിൽ അവളിരിക്കുന്നുണ്ടായിരുന്നു…
മാഡം…. കോഫി….
അതും പറഞ്ഞു അവളുടേ അടുത്തേക്ക് കപ്പുമായി വന്നത് അവൾക്ക് സാരിയെടുത് കൊടുത്ത ആ പെൺകുട്ടി തന്നെയായിരുന്നു…..
ചേച്ചി ഭാഗ്യവതിയാണ് കേട്ടോ…അങ്ങനെയൊരു ഭർത്താവിനെ കിട്ടിയില്ലേ….
അവൾ ചെറു ചിരിയോടെയത് പറയുമ്പോൾ സൂര്യയും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…..
ഭാഗ്യവതി…. അവൾക്ക് സ്വയം പുച്ഛം തോന്നി….
അങ്ങനൊരു വാക്കിൽ താൻ വിശ്വസിക്കുന്നില്ല….
എങ്കിലും മനസ്സ് അല്പം സന്തോഷത്തെ അറിയുന്നുണ്ട്….
ഭാഗ്യമുള്ള ഒരു ഭാര്യയായാത്തിലല്ല….
ഒരു പെണ്ണിനേറ്റ അഭിമാന ക്ഷതം നികത്താൻ കഴിയുന്ന ഒരാണ് തന്റെ കഴുത്തിൽ താലി കെട്ടിയതോർത്തു…..
അത് ഞാനെന്നല്ല മറ്റേത് സ്ത്രീയെ ആയിരുന്നെങ്കിലും തനിക്കിതെ ബഹുമാനം അയാളോട് തോന്നുമായിരുന്നു….
പെണ്ണിന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ ശ്രമിക്കുന്നവനല്ലെ യഥാർത്ഥ പുരുഷൻ….
അവളുടേ ചൊടിയിലൊരു ചിരി വിരിഞ്ഞു…..
അവളാ ചായ ചുണ്ടോട് ചേർത്തപ്പോഴേക്കും കാശി അങ്ങോട്ടെത്തിയിരുന്നു….
ആ പെൺകുട്ടി ചിരിച്ചു കൊണ്ട് അവനും ഒരു കപ്പ് കൊണ്ട് കൊടുത്തു….
അവനതുമായി അവക്കരികിലിരുന്നു….
അവൾക്കെന്തൊക്കെയോ അവനോട് പറയാനുണ്ടായിരുന്നു….
എന്നാൽ വാക്കുകളെ കടിച്ചമർത്തി അവൾ ചായ കുടിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരിച്ചു വീട്ടിലെത്തി മുറിയിൽ കയറിയപ്പോഴും അവർക്കിടയിൽ എന്തൊക്കെയോ ഒരു തുറന്ന് പറച്ചിലുകൾക്ക് മനസ്സ് ആഗ്രഹിച്ചെങ്കിലും തുടക്കക്കാരനാകാൻ രണ്ട് പേരുടെയും പിടി വാശി സമ്മതിക്കാത്തത് കൊണ്ട് തന്നെ നിശബ്ദത മാത്രം ബാക്കിയായി…..
എങ്കിലും അവനോട് മനസ്സിൽ കുമിഞ്ഞു കൂടിയ അവളുടേ ദേഷ്യത്തിനല്പം ശമനം വന്ന് തുടങ്ങിയിരുന്നു…..
അത്രയേറെ വലിയൊരു കാര്യം തന്നെയാണ് അവന് തനിക്ക് വേണ്ടത് ചെയ്തത് …..
ശ്വാസം തടഞ്ഞു നിന്ന തനിക്ക് ജീവ ശ്വാസമായത് അവന്റെയാ വാക്കുകൾ തന്നെയായിരുന്നു…..
എങ്കിലും അകന്ന് നിൽക്കുന്നവൻ അകന്ന് തന്നെ നിൽക്കട്ടെ…..
ഒരു നന്ദി പറച്ചിലൂടെ അവനിലേക്കിറങ്ങി ചെല്ലാൻ അവളും ഒരുക്കമായിരുന്നില്ല….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് കാശി ഓഫീസിൽ നിന്നിറങ്ങിയപ്പോൾ വല്ലാതെ വൈകിയിരുന്നു….
ഒരു കാറ് തന്നെ ഫോളോ ചെയ്യുന്നതായി അവന് തോന്നിയെങ്കിലും അവനാദ്യമൊന്നും കാര്യമാക്കിയില്ല…..
കഴിവതും വേഗത്തിൽ അവൻ വണ്ടിയൊടിച്ചു….
അൽപ ദൂരം പിന്നിട്ടപ്പോൾ ആ വണ്ടി പിറകിൽ നിന്നും മാഞ്ഞു പോയിരുന്നു…
അത് തന്റെ തോന്നലാണെന്ന് അവൻ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു……
വീട്ടിലെത്തിയതും പതിവ് പോലെ കാശി വേഗം സോഫയിലേക്കമർന്നു….
അവന്റെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റി പിടിച്ചിട്ടുണ്ടായിരുന്നു……
ഓഫീസിലെ തിരക്കുകൾക്കിടയിൽ ചിന്തകൾക്ക് സമായമില്ലാത്തത് കൊണ്ട് തന്നെ അവിടം തന്റെ മനസ്സ് ശാന്തമാണ്….
എന്നാൽ വീട്ടിലെക്ക് കയറി വരുമ്പോഴാണ് താൻ വരുന്നതിൽ സന്തോഷിക്കാണെങ്കിലും ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിച്ചു പോകുന്നത്…..
തനിക്കൊന്നു മനസ്സ് തുറന്ന് സംസാരിക്കാനോ തന്നെ കുറിച്ചറിയാനോ ആർക്കും താല്പര്യമില്ലെന്ന ചിന്ത അവനെ എന്നത്തേയും പോലെ വേദനിപ്പിച്ചു കൊണ്ടിരുന്നു…
ഒറ്റപ്പെടലിന്റെ തീ ചൂളയിൽ അവൻ ഞെരിഞ്ഞമർന്നിരുന്നു…..
അവന്റെ അരികിലുള്ള മേശ മേൽ ഗ്ലാസ് വെക്കുന്ന ശബ്ദം കേട്ടാണ് അവൻ കണ്ണുകൾ തുറന്നത്…….
ഗ്ലാസ് വെച്ചു തിരിഞ്ഞു പോകുന്ന ആളുടെ പുറക് വശം മാത്രമായിരുന്നു അവൻ കണ്ടത്…..
അവളെ തിരിച്ചറിയാൻ ഇട തൂർന്നു കിടക്കുന്ന അവളുടേ കാർകൂന്തൽ മാത്രം മതിയായിരുന്നു…..
അവന്റെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു….
അവൻ പതിയേ ആ ഗ്ലാസ് കയ്യിലെടുത്തു ചുണ്ടോടു ചേർത്തു…..
നല്ല തണുത്ത നാരങ്ങ വെള്ളമായിരുന്നത്…..
അത് തൊണ്ടയിൽ നിന്നിറങ്ങുമ്പോൾ വല്ലാത്തൊരു ഉന്മേഷവും ഹൃദയത്തിലൊരു തണുപ്പും അവനറിഞ്ഞിരുന്നു….
ഇത് വരെ കുടിച്ചതിൽ വെച്ചേറ്റവും രുചികരമായി അവനെ അതിനു തോന്നി…..
വെറും തോന്നലാകാം…..
എന്തെന്നാൽ താൻ ആവശ്യപ്പെടാതെ ഒരു ഗ്ലാസ് വെള്ളം ആദ്യമായാണ് ഈ വീട്ടിൽ നിന്നും കിട്ടുന്നത്….
അതിന്റെയൊരു ആഹ്ലാദം തന്റെ മനസ്സിനില്ലാതിരിക്കില്ല……
താനെന്നും ഒറ്റക്കായിരുന്നു…
ഇന്നും…….
ഇന്നലത്തെ ആ സംഭവം കൊണ്ടവൾക്ക് തന്നോടുള്ള നന്ദിയാവാം ഒരു പക്ഷെ ഈ പ്രകടമാക്കുന്നത്…..
അവളുടേ നന്ദി പ്രകടനം ഞാനെന്ന ഒറ്റയാൾ പടക്ക് ഇത്രയേറെ സന്തോഷം വെച്ചു നീട്ടുകയാണെന്ന് അവളറിയുന്നുണ്ടാവില്ല….
ഇങ്ങനെ മനസറിഞ്ഞു എല്ലാം ചെയ്യാനും തന്റെ ദുഖങ്ങളിലും സന്തോഷങ്ങളിലും പങ്കു ചേരാനും ഒരാളുണ്ടായിരുന്നെങ്കിൽ….
മനസ്സിൽ മുഴുവൻ കാച്ചെണ്ണയുടെ മണമുള്ള ആ നീളൻ മുടിയായിരുന്നു തെളിഞ്ഞു വന്നത്…..
അവൻ കണ്ണുകൾ ഇറുക്കെയടച്ചു…….
ഒരിക്കലും തിരിച്ചു കിട്ടാനില്ലാത്ത സുന്ദരമായ ഓർമകളെ യോർത്തു…..
താൻ കൊടുത്ത വെള്ളം ആസ്വദിച്ചു കുടിക്കുന്നവനെ മുകളിൽ നിന്നും സൂര്യ കാണുന്നുണ്ടായിരുന്നു…..
എന്നും അവനോട് തോന്നുന്നൊരു സഹതാപം മനസ്സിനെ കീഴ്പ്പെടുത്തുമ്പോഴെല്ലാം തന്നെ അങ്ങേയറ്റം അവഗണിക്കുന്ന അവഗണിക്കുന്ന അവനോടെന്തിനു സഹതാപം തോന്നണമെന്ന് ഉള്ളിൽ നിന്നാരോ ചോദിച്ചിരുന്നുത് വരെ….
ആ ചോദ്യത്തിൽ മനസ്സ് തോറ്റു പോയിരുന്നു…..
എന്നാൽ ഇന്നങ്ങനെയൊരു ചോദ്യത്തിനിടമില്ലാത്തത് കൊണ്ട് തന്നെയാണ് അവന്റെ മനസ്സറിഞ്ഞെന്ന വണ്ണം അല്പം വെള്ളം അവനെടുത് കൊടുത്തത്……..
എന്റെ അടുത്ത് നിന്നുള്ള നന്ദി പ്രകടനമോ അതോ അവനിലേക്ക് ഞാൻ അടുക്കാൻ ശ്രമിക്കുകയെന്നോ ഒക്കെ ഒരുപക്ഷെ അവന് തോന്നുമായിരിക്കാം……
എന്നാൽ തന്റെ മനസ്സിൽ അവനോട് തോന്നിയ അളവറ്റ സഹതാപം മാത്രമായിരുന്നു….
അതവനറിയണമെന്ന് തനിക്ക് യാതൊരു നിർബന്ധവും ഇല്ലാത്തത് കൊണ്ട് തന്നെ പിന്നീട് അതിനെ കുറിച് യാതൊരു ചിന്തക്കും നിൽക്കാതെ അവൾ മുറിയിലേക്ക് നടന്നു…..
(തുടരും)