അയാളിറങ്ങി പോയപ്പോൾ എനിയ്ക്ക് പുത് ജീവൻ കിട്ടിയത് പോലെ ആയിരുന്നു ,മലപോലെ വന്നത് മഞ്ഞ് പോലെ ഉരുകി പോയതിന് ഞാൻ നാഥനോട് നന്ദി പറഞ്ഞു.

ഫിദാ ഭാഗം -2 Writing By :- Saji Thaiparambu

   

എൻ്റെ കോളേജ് മേറ്റും സീനിയറുമായിരുന്നു കൃഷ്ണകുമാർ
എന്നോട് അവസാനമായി ഐ ലവ് യൂ പറഞ്ഞയാൾ ,സ്നേഹപൂർവ്വം ഞാനത് നിരസിച്ചപ്പോൾ നിരാശയിൽ അയാളുടെ മുഖം വിവർണ്ണമാകുന്നത് കണ്ടാണ് ഞാനന്ന് കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയത്.

പിന്നീടയാളെ കാണുമ്പോഴൊക്കെ ഞാൻ ഒഴിഞ്ഞ് മാറി നടന്നിരുന്നു, അതിന് മുമ്പ് എന്നോട് സ്നേഹം പ്രകടിപ്പിച്ചവരെ പോലെയല്ല കൃഷ്ണ കുമാറെന്നും നിന്നോടയാൾക്ക് ആത്മാർത്ഥ പ്രണയമായിരുന്നെന്നും കൂട്ടുകാരികൾ പിന്നീടെന്നോട് പറഞ്ഞിരുന്നു
പക്ഷേ എൻ്റെ ചുറ്റിലും ലക്ഷ്മണരേഖയുള്ളതിനാൽ എനിക്കയാളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാനേ കഴിയുമായിരുന്നുള്ളു
പിന്നെ കുറെ നാളത്തേയ്ക്ക് അയാളെ കാണാനില്ലായിരുന്നു

നീ കാരണം അയാള് പഠിപ്പ് നിർത്തി പോയെന്ന് കൂട്ടുകാരികൾ പറഞ്ഞപ്പോൾ, എനിക്ക് കുറ്റബോധം തോന്നിയിരുന്നു
പിന്നീട് എനിയ്ക്ക് വിവാഹാലോചനകൾ വന്നതും ഷാനുവുമായുള്ള വിവാഹം നിശ്ചയിച്ചതുമൊക്കെ വളരെ പെട്ടെന്നായിരുന്നു
പതിയെ ഞാനെല്ലാം മറന്ന് തുടങ്ങി
പക്ഷേ ഇപ്പോൾ കൃഷ്ണകുമാർ വന്നത് എന്തിനായിരിക്കും? എൻ്റെ വിവാഹം കഴിഞ്ഞതറിഞ്ഞ് എന്നോട് പ്രതികാരം ചെയ്യാനായിരിക്കുമോ?
ഷാനു, ഉറക്കത്തിലാണ് ,ഇപ്പോഴെങ്ങും ഉണർന്ന് ഇങ്ങോട്ട് വരല്ലേ റബ്ബേ,,

ഉള്ളുരുകി ദുഅ ചെയ്തോണ്ട് പേടിച്ചരണ്ട് ഞാൻ നിന്നു.
അല്ല ഫിദാ,, നീയെന്താ എന്നെയിങ്ങനെ തുറിച്ച് നോക്കി നില്ക്കുന്നത് ,വീട്ടിൽ വന്ന് കയറിയ പഴയ കോളേജ് മേറ്റിനോട് ഇങ്ങനെയാണോ ബിഹേവ് ചെയ്യുന്നത്?
അയാൾ ചിരിച്ച് കൊണ്ടാണ് ചോദിച്ചതെങ്കിലും എൻ്റെ ഉത്ക്കണ്ഠ മാറിയിരുന്നില്ല
അല്ലാ, അത് പിന്നെ, കൃഷ്ണകുമാറ് പെട്ടെന്ന് കയറി വന്നപ്പോൾ ?
പൂർത്തിയാക്കാനാവാതെ ഞാൻ നിന്ന് വിയർത്തു

കയറി വന്നപ്പോൾ എന്നെ കണ്ട് ഭയന്ന് പോയോ ?എടോ താൻ പേടിക്കണ്ടാ ഞാൻ വന്നത് എൻ്റെ ഒരേ ഒരു സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് ,എൻ്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന ഭൂരിഭാഗം പേരെയും ക്ഷണിച്ചപ്പോൾ തന്നെ കൂടി ക്ഷണിക്കണമെന്ന് എനിയ്ക്ക് തോന്നി ,ഇവിടെ വന്നപ്പോഴാണ് തൻ്റെ വിവാഹം ഇന്നലെയായിരുന്നെന്ന് ഞാനറിഞ്ഞത് ,എവിടെ? തൻ്റെ പുയ്യാപ്ളേനെ ഒന്ന് പരിചയപെടുത്തി താടോ,,
ഹോ ഇപ്പോഴാണ് എനിയ്ക്ക് ശ്വാസം നേരെ വീണത് ,ഞാനൊരു ദീർഘനിശ്വാസമുതിർത്തു

ഷാനു നല്ല ഉറക്കത്തിലാണ് ,കല്യാണത്തിന് ഞങ്ങളൊരുമിച്ചെത്താം അപ്പോൾ പരിചയപ്പെട്ടാൽ മതിയോ?
ഓഹ് മതി മതി ,, എന്നാൽ പിന്നെ ഞാനിറങ്ങട്ടെ ,ഇതാ ലെറ്റർ കയ്യിൽ വച്ചോളു, ഡേറ്റ് മറക്കണ്ടാ
അയ്യോ പോകല്ലേ ഞാൻ കുടിക്കാൻ എന്തേലുമെടുക്കാം
ഹേയ്, ഒന്നും വേണ്ട ,ഇനിയും കുറെ പേരെ ക്ഷണിക്കാനുണ്ട് ,

ഞാനിറങ്ങട്ടെ ഫിദാ ,, കാണാം,,
അയാളിറങ്ങി പോയപ്പോൾ എനിയ്ക്ക് പുത് ജീവൻ കിട്ടിയത് പോലെ ആയിരുന്നു ,മലപോലെ വന്നത് മഞ്ഞ് പോലെ ഉരുകി പോയതിന് ഞാൻ നാഥനോട് നന്ദി പറഞ്ഞു.
###############$$$$$#######
വൈകുന്നേരം ഷാനുവിൻ്റെ വീട്ടുകാർ ഞങ്ങളെ വിളിച്ച് കൊണ്ട് പോകാനായി വന്നു
അതിന് ശേഷം ഷാനു നല്ല ഹാപ്പി ആയിരുന്നു, രാവിലെ ഉണർന്നപ്പോൾ മുതൽ ആളാകെ ഗ്ളൂമി ആയിരുന്നത് എന്നെ മാത്രമല്ല എൻ്റെ വീട്ടുകാരെയും വിഷമിപ്പിച്ചു
പുതിയാപ്ളയ്ക്ക് ഇവിടുത്തെ ഫുഡ് പിടിക്കാത്തത് കൊണ്ടാവുന്ന് കരുതിയായിരുന്നു ഉമ്മാടെ ബേജാറ്

ഓന് എന്താ ഇഷ്ടംന്ന് നീയൊന്ന് ചോദിക്ക് ഫിദാ,, എന്താന്ന് വച്ചാൽ ചെയ്ത് കൊടുക്കാം
ഒടുവിൽ അമ്മായീടെ നിർബന്ധം കാരണം ഞാൻ ഷാനുവിനോട് ഇഷ്ടഭക്ഷണം എന്താന്ന് തിരക്കി
ആൾക്ക് അങ്ങനൊന്നുമില്ല തിരിഞ്ഞ് കടിക്കാത്ത എന്തും കഴിക്കുമത്രേ
അപ്പോൾ പിന്നെ എന്താ ഷാനുവിൻ്റെ പ്രശ്നം ?
ഞാനാകെ തല പുകച്ചു

അധികദൂരമൊന്നുമില്ല ഇവിടുന്ന് ഷാനുവിൻ്റെ വീട്ടിലേയ്ക്ക്, ഏറിയാൽ ഒരു പത്ത് കിലോമീറ്റർ ,ഇന്ന് അങ്ങോട്ട് പോയാലും വേണമെങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ ഇങ്ങോട്ട് വരാവുന്നതേയുള്ളു
എന്നിട്ടും ,യാത്രയാക്കാൻ നേരം ഉമ്മയും അമ്മായിയും ലൈലാ മജ്നുവും ഒക്കെ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു
എന്ത് പ്രഹസനമാണ് സജീ എന്ന് എൻ്റെ ഉള്ളിലിരുന്നാരോ പറയുന്നത് പോലെ ,
അത് വരെ എനിക്ക് കരച്ചിലൊന്നും വന്നില്ലായിരുന്നു ,പക്ഷേ അവസാനം ബാപ്പ വന്ന്, എൻ്റെ കൈ പിടിച്ച് ഷാനുവിൻ്റെ കൈയ്യിൽ വച്ചിട്ട് ൻ്റ മോളേ പൊന്ന് പോലെ നോക്കണേ മോനേ എന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ എനിയ്ക്ക് ശരിയ്ക്കും കരച്ചില് വന്നു

ഷാനു മറുപടിയൊന്നും പറയാതെ ചിരിച്ച് കൊണ്ട് എന്നെയും കൊണ്ട് കാറിലേയ്ക്ക് കയറി
മുറ്റം നിറയെ ജാതി മരവും പ്ളാവും മഹാഗണിയുമൊക്കെയുള്ള പഴയൊരു ഇരുനില മാളികയായിരുന്നു ഷാനുവിൻ്റെ വീട് ,മംഗലശ്ശേരി മനയുടെ നേരിയ ഛായയൊക്കെയുണ്ട്
ഗേറ്റ് കടന്ന് ,അകത്തേയ്ക്ക് കുറച്ച് ദൂരം ചെല്ലുമ്പോഴാണ് വീട് നില്ക്കുന്നത്, പൂമുഖത്ത് ഷാനുവിൻ്റെ ഉമ്മയടക്കം നാലഞ്ച് പെണ്ണുങ്ങൾ നില്പുണ്ട്
കയറി വാ മോളേ കുറേ നേരമായി ഞങ്ങളിവിടെ കാത്ത് നില്ക്കുവാണ്

ചിരിച്ച മുഖത്തോടെ എൻ്റെ കൈ പിടിച്ച് ഷാനുവിൻ്റെ ഉമ്മ ,(സോറി,, ഇനി മുതൽ എൻ്റെയും കൂടെ ഉമ്മ )എന്നെ അകത്തേയ്ക്ക് കൂട്ടികൊണ്ട് പോയപ്പോൾ, എൻ്റെ മനസ്സൊന്ന് വല്ലാതെ തണുത്തു.
അത് വരെ എൻ്റെ മനസ്സിൽ സിനിമയിലും സീരിയലിലുമൊക്കെയുള്ള
ക്രൂരയായ അമ്മായി അമ്മമാരുടെ മുഖമായിരുന്നു
ദാ ഈ വെള്ളം കുടിച്ചിട്ട് മുറിയിൽ പോയി, ഡ്രെസ്സൊക്കെ മാറ്റി മോളൊന്ന് ഫ്രീയായിട്ട് വാ, ങ്ഹാ പിന്നെ, സ്വർണ്ണമൊന്നും ഇപ്പോൾ അഴിക്കേണ്ട, എൻ്റെ തറവാട്ടീന്ന് കുറെ പെണ്ണുങ്ങള് ഇപ്പോൾ വരും അവരൊക്കെ കണ്ണ് നിറയെ കണ്ടോട്ടെ, എൻ്റെ മോന് എന്തെല്ലാം കിട്ടീന്ന് ,,,

ഓഹോ ആള് ലേശം പൊങ്ങച്ചക്കാരിയാണല്ലോ ?
ങ്ഹാ ,ന്നാലും സാരമില്ല, പോരില്ലല്ലോ അത് മതി,, ‘
ഞാൻ വീണ്ടും സംതൃപ്തിയോടെ ഞങ്ങളുടെ മണിയറയിലേയ്ക്ക് പോയി.
മനോഹരമായി അലങ്കരിച്ച വലിയൊരു ബെഡ് റൂം, കൊത്ത് പണികളുള്ള കരിവീട്ടിയിൽ തീർത്ത വലിയൊരു കട്ടില് കൂടാതെ ഒരു മേശയും കസേരയും കൂടെ ആ മുറിയിലുണ്ടായിരുന്നു
ഷാനു അറ്റാച്ച്ഡ് ബാത്റൂമിൽ ഉണ്ടെന്ന് തോന്നുന്നു ,അകത്ത് വെള്ളം വീഴുന്ന ശബ്ദം കേൾക്കാം

ഞാൻ മേശയ്ക്കരികിൽ വന്ന് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി
വിശാലമായ പറമ്പിന് അപ്പുറത്തായി കല്ലായി പുഴ ഒഴുകുന്നു ,പുറത്ത് നിന്ന് കുളിരുള്ള ഒരിളം കാറ്റ് വന്നെന്നെ ആശ്ളേഷിച്ചിട്ട് പോയി, ആഹാ സൂപ്പർ വൈബാണല്ലോ ഇവിടെ
എൻ്റെ മനസ്സ് തുള്ളിച്ചാടി

ഇവിടെ വന്നതിന് ശേഷം എനിക്കൊരു പോസിറ്റീവ് എനർജി കിട്ടിയത് പോലെ
മോളേ ഇങ്ങോട്ട് ബരീൻ ,ദേ നിന്നെ കാണാൻ ആരൊക്കെയാ വന്നേന്ന് നോക്കിയേ
താഴെ നിന്ന് ഉമ്മയുടെ വിളി കേട്ട് ഡ്രെസ്സ് മാറാനായി ഞാൻ കൊണ്ട് വന്ന ബാഗിൽ നിന്ന് പുതിയൊരു റ്റൂ പീസ് എടുത്ത് കട്ടിലിൽ വച്ചിട്ട് വേഗം സാരി അഴിച്ച്മാറ്റി
അപ്പോഴാണ് ബാത്റൂമിൻ്റെ വാതിൽ തുറന്ന് ഷാനു ഇറങ്ങി വന്നത്
ഞാൻ അർദ്ധനഗ്നയായി നില്ക്കുന്നത് കണ്ട് പുള്ളിക്കാരൻ വേഗം മുഖം തിരിച്ചു
സോറി,, ഞാൻ പുറത്ത് നില്ക്കാം
നീ ഡ്രെസ് മാറിക്കോ,,
ഷാനു പെട്ടെന്ന് കതക് തുറന്ന് പുറത്തേയ്ക്ക് പോയപ്പോൾ ഞാൻ അമ്പരന്ന് പോയി
ഇതെന്തൊരു ഭർത്താവ്? സിനിമയിലെങ്ങാനുമായിരുന്നെങ്കിൽ എന്നെയിപ്പോൾ പൊക്കിയെടുത്ത് കട്ടിലിലേയ്ക്ക് എറിഞ്ഞേനെ
ഉള്ളിലൊരു ചിരിയോടെ ഞാനോർത്തു.
വസ്ത്രം മാറി ഞാൻ താഴേയ്ക്ക് ചെല്ലുമ്പോൾ അത് വരെ ഞാൻ കാണാത്ത മദ്ധ്യവയസ്സ് കഴിഞ്ഞ കുറച്ച് പെണ്ണുങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
അവരെന്നെ അടിമുടി നോക്കി എന്നെ നന്നായി വിലയിരുത്തി പിന്നെ കുറെ ചോദ്യങ്ങളും ,കുറച്ച് കഴിഞ്ഞപ്പോൾ തന്നെ എനിയ്ക്ക് മടുത്തു ,എങ്ങനെയെങ്കിലും തിരിച്ച് മുറിയിലേയ്ക്ക് പോകാൻ മനസ്സ് കൊതിച്ചു
അവിടെ ഷാനു കാത്തിരിപ്പുണ്ടാവും
ഉമ്മാ ഷാനു എങ്ങോട്ടാ പോയത്?
ഷാനുവിൻ്റെ നേരെ മൂത്ത പെങ്ങള് ഹസീനയുടെ ചോദ്യം കേട്ടപ്പോഴാണ് ആള് സ്ഥലത്തില്ലെന്ന് ഞാനറിഞ്ഞത്
അവൻ ഏതോ കൂട്ടുകാരനെ കാണാൻ പോയതാ
അത് ശരി ,എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ?

എനിയ്ക്ക് ഷാനുവിനോട് നീരസം തോന്നി
ഇനി മുതൽ എവിടെ പോയാലും എന്നോട് പറഞ്ഞിട്ട് പോകണമെന്ന് ഷാനു വരുമ്പോൾ പറയണമെന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി
ആള് വന്നത് പക്ഷേ രാത്രി ഒൻപത് മണി ആയപ്പോഴാണ്
നീയിത് എവിടെ ആയിരുന്നെടാ ? നീ വരാത്തത് കൊണ്ട് ഞങ്ങള് മാത്രമല്ല ആ കൊച്ചും കൂടി അത്താഴം കഴിക്കാതിരിയ്ക്കുവാ ,നീ വേഗം കൈകഴുകിയിട്ട് വാ,,
ഉമ്മ ഷാനുവിനെ ശകാരിച്ചു .

എനിയ്ക്ക് ഒന്നും വേണ്ട ഞാൻ നവാസുമായി പുറത്ത് നിന്ന് കഴിച്ചു നിങ്ങള് കഴിച്ചോ
അത് കേട്ട് എനിയ്ക്ക് സങ്കടം വന്നു
ങ്ഹാ നീ വാ മോളേ ,,, അവനെ കാത്തിരുന്ന നമ്മള് വെറും മണ്ടൻ മാര് ,,
ഉമ്മയും പെങ്ങൻമാരുമൊത്ത് ടേബിളിൽ ഇരുന്നെങ്കിലും മുൻപിൽ വച്ച ചപ്പാത്തിയും മട്ടൻ കറിയും എനിയ്ക്ക് ഇറങ്ങിയില്ല
കഴിച്ചെന്ന് വരുത്തി ,വേഗമെഴുന്നേറ്റ് കൈ കഴുകി ഞാൻ മുറിയിലേയ്ക്ക് ചെന്നു

അപ്പോഴേയ്ക്കും ഷാനു ചരിഞ്ഞ് കിടന്ന് നല്ല ഉറക്കത്തിലാണ്ടിരുന്നു
ഒരു കുന്നോളം പ്രതീക്ഷകളുമായി ഷാനുവിൻ്റെ ജീവിതത്തിലേയ്ക്ക് കയറി വന്ന എനിയ്ക്ക് കിട്ടിയ ആദ്യത്തെ പ്രഹരമായിരുന്നു അത്

Leave a Reply

Your email address will not be published. Required fields are marked *